കോട്ടയം: രാജ്യത്തെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്റെ ഗൂഢ ശ്രമത്തിന് ഇടതുപക്ഷം ഒറ്റകെട്ടായി പിന്തുണ നല്കുന്ന ദയനീയ സ്ഥിതിക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷമെന്ന് ബിജെപി കേരളാ മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി പറഞ്ഞു.
പതിനഞ്ചും ഇരുപതുമണിക്കൂര്‍ ജലപാനമില്ലാതെ ക്യൂ നിന്ന് മടങ്ങേണ്ടി വന്ന മലയാളികളും അന്യസംസ്ഥാനക്കാരുമായ നിരവധി അയ്യപ്പ ഭക്തരുടെ ദയനീയാവസ്ഥ അത്യന്തം വേദനാ ജനകമാണ്. നിരവധിപേര്‍ പന്തളത്തും എരുമേലിയിലുമെത്തി മാലയൂരി മടങ്ങേണ്ടി വന്ന സാഹചര്യം മുന്‍പെങ്ങും ഉണ്ടായിട്ടില്ല.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്നും മാധ്യമങ്ങള്‍ക്ക് മുന്പില് പറഞ്ഞ ദേവസ്വം മന്ത്രി പച്ച കള്ളം പ്രചരിപ്പിക്കുകയാണ്. വൃത്തിയില്ലാത്ത കെഎസ്ആര്‍ടിസി ബസുകളും മാലിന്യം കെട്ടികിടക്കുന്ന ത്രിവേണി പരിസരവും, ദുര്‍ഗന്ധം വമിക്കുന്ന അപ്പാച്ചിമേടും ഈ സീസണിലെ കാഴ്ച്ചകളാണ്.
ക്രമാതീതമായ തിരക്ക് നിയന്ത്രിക്കുന്നതില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ പോലും കാണാനില്ലാത്ത സാഹചര്യമാണ്. തിരുപ്പതിമോഡലില് ഓരോ പോയിന്റിലും വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും കണ്ടാല്‍ അറയ്ക്കുന്ന തരത്തിലാണ് പല വിശ്രമ കേന്ദ്രങ്ങളും. ടോയ്ലറ്റ് സൗകര്യം ഉണ്ടെങ്കിലും ജലമോ ആവശ്യത്തിന് ബക്കറ്റു പോലും ഇല്ലാതെ ദുര്‍ഗന്ധം വമിക്കുന്നതരത്തിലാണ് മുഴുവന്‍ ടോയ്ലെറ്റുകളുമെന്ന് അദേഹം വിമര്‍ശിച്ചു.
ഇടതു വലത് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും മഴനനയാതെ സന്നിധാനത്ത് എത്താനുള്ള സൗകര്യം ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇട ഭാഗങ്ങളില്‍ ഷീറ്റു മേഞ്ഞ കമാനങ്ങള്‍ ഉണ്ടെങ്കിലും തൊണ്ണൂറു ശതമാനവും ചോര്‍ന്നൊലിക്കുന്ന തരത്തിലാണ്. കുട്ടികളും പ്രായമായവരും അനിയന്ത്രിതമായ തിരക്കില്‍പെട്ട് ശ്വാസം മുട്ടുന്ന കാഴ്ച ഭീതിയുളവാക്കുന്നതാണ്. ഗതാഗത നിയന്ത്രണത്തിന് അവശ്യ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കയ്യും കണക്കുമില്ല,
ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതു നേതാക്കളും നവകേരള യാത്രയുമായി കോട്ടയം ജില്ലയില്‍ ഇന്ന് എത്തുന്നത്. സ്വാഭാവികമായും ശബരിമലയിലേക്ക് എത്തുന്നതിന് അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന പ്രധാന റോഡുകളായ മുണ്ടക്കയം പൊന്‍കുന്നം പാലാ ഏറ്റുമാനൂര്‍ റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അപലപനീയമാണ്.
നൂറുകണക്കിന് വാഹനങ്ങള്‍ ഇപ്പോള്‍ത്തന്നെ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് നവകേരള യാത്രയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കാരങ്ങള്‍ അയ്യപ്പ ഭക്തരോടുമാത്രമല്ല ജനങ്ങളോടുതന്നെയുള്ള വെല്ലുവിളിയാണ്. ശബരിമലയില്‍ വന്‍ ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നതിനു മുന്‍പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും ദേവസ്വം മന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: