കോട്ടയം: ഹയർസെക്കൻഡറിയിൽ ഫിസിക്കൽ എജ്യുക്കേഷന്‍ വേണ്ടി നീക്കിവച്ചിട്ടുള്ള പീരിയഡുകൾ ഇതിന് വേണ്ടി തന്നെ വിനിയോഗിക്കണമെന്ന് കർശന നിർദ്ദേശം. ഫിസിക്കൽ എജ്യുക്കേഷന്‍ വേണ്ടി മാറ്റിവച്ചിട്ടുള്ള സമയം അദ്ധ്യാപകർ ഇതിന് വേണ്ടി തന്നെ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഹയർസെക്കൻഡറിയിലെ കായിക വിദ്യാഭ്യാസത്തിന് ഹൈസ്കൂളുകളിലെ കായികാദ്ധ്യാപികന്റെ സേവനം ഉപയോഗിക്കാവുന്നതാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ കായികാദ്ധ്യാപകരില്ലാത്ത പക്ഷം മറ്റ് അദ്ധ്യാപകർ ഇതിന് വേണ്ടി ഉപയോഗിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇത്തരത്തിലൊരു പീരിയഡ് നൽകാറുണ്ടെങ്കിലും ഇതുവരെ കായികാദ്ധ്യാപിക തസ്തികയില്ല.
പ്ലസ് വൺ പ്രവേശനസമയത്ത് വിദ്യാർത്ഥികളിൽ നിന്നും സ്പോർട്സ് ഇനത്തിൽ 75 രൂപ ഈടാക്കാറുണ്ട്. ഹയർസെക്കൻഡറി വിദ്യാഭ്യാസ കാലയളവിൽ ആഴ്ചയിൽ രണ്ട് പീരിയഡ് ഫിസിക്കൽ എജ്യുക്കേഷനുണ്ട്. എന്നാൽ ഇതിൽ മറ്റേതെങ്കിലും വിഷയം പഠിപ്പിക്കുകയാണ് പതിവ്. സംഭവത്തിൽ പരാതി ഉയർന്നതോടെ ഈ പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇതേടെ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: