തിരുവല്ല: ആടിത്തിമിര്‍ത്ത ആട്ടപ്രകാരങ്ങള്‍ക്ക് അനശ്വരത നല്കിയ തിരുവല്ലയുടെ സ്വന്തം എംജി. സോമന് വിടവാങ്ങിയിട്ട് ഇരുപത്തിയാറ് വര്‍ഷം. രാവിലെ 7.30 ന് മഹാ നടന് അന്ത്യ
വിശ്രമം കൊള്ളുന്ന മണ്ണടിപറമ്പില്‍ വീടിന്റെ തെക്ക് വശത്ത് പുഷ്പാര്‍ച്ചന അടക്കം അനുസ്മരണ പരിപാടികള്‍ നടക്കും. ഒരു കാലത്തു മലയാള ചലച്ചിത്രലോകത്തെ ഒഴിച്ചുകൂടാനാകാത്ത നടന വിസ്മയമായിരുന്നു തിരുവല്ല മണ്ണടിപ്പറമ്പില് ഗോവിന്ദപ്പണിക്കര്‍ സോമശേഖരന്‍ നായര്‍ എന്നഎം ജി സോമന്.
ആനക്കാട്ടില്‍ ഈപ്പച്ചി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെങ്കിലും ജീവിതത്തില്‍ ഉയര്‍ന്ന റാങ്കിലായിരുന്ന അദ്ദേഹം വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലിക്കുചേര്‍ന്നു. ഈ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് നാടക രംഗത്തേക്കും പിന്നീട് സിനിമാ രംഗത്തേക്കും കടന്നത്. കൊട്ടാരക്കര ശ്രീധരന് നായരുമൊത്താണ് നാടകത്തില്‍ ഇദ്ദേഹം അഭിനയിച്ചു തുടങ്ങിയത്. സോമന് അഭിനയിച്ച കേരളാ തിയേറ്റേഴ്സിന്റെ രാമരാജ്യം’ എന്ന നാടകം പ്രശസ്ത എഴുത്തുകാരനായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ കാണുകയുണ്ടായി.
അങ്ങനെ മലയാറ്റൂരിന്റെ ശുപാര്‍ശ പ്രകാരം 1973-ല്‍ പി എന്‍ മേനോന്റെ ‘ഗായത്രി’ എന്ന ചിത്രത്തില്‍ ‘രാജാമണി’ എന്ന വില്ലനെ അവതരിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ
ചലച്ചിത്ര പ്രവേശം. ആദ്യകാലങ്ങളില്‍ ദിനേശ് എന്ന പേരിലായിരുന്നു സിനിമാരംഗത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് എം ജി സോമന് എന്ന പേരു തന്നെ സ്വീകരിച്ചു. ആദ്യചിത്രത്തിന്റെവിജയത്തിനു ശേഷം, ചില ചിത്രങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും പമ്മന്റെ ചട്ടക്കാരി, വെല്ലുവിളി എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.
ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം എന്നീ ചിത്രങ്ങാളിലെ അഭിനയത്തിന് 1975 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു. അടുത്ത വര്‍ഷത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. പല്ലവി, തണല്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഈ അവാര്‍ഡ്.
പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ സോമന് ഒരു അവിഭാജ്യ ഘടകം ആയിരുന്നു. സിനിമയില്‍ തനിക്ക് കിട്ടിയിരുന്ന ഏതു വേഷത്തേയും സന്തോഷത്തോടെ തന്നെ സോമന് സ്വീകരിച്ചു. നായക വേഷമോ, വില്ലന്‍ വേഷമോ വ്യത്യാസമില്ലാതെ, അടുത്ത തലമുറകളിലെ നടന്മാരുമായി ചേര്‍ന്ന് അഭിനയിക്കുവാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല. അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചലച്ചിത്രം 1977 ല്‍ ഐ വി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെ ആയിരുന്നു. അതിനു ശേഷം അദ്ദേഹം 250 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഗുരുവായൂര്‍ കേശവന്, ചട്ടക്കാരി, ചുക്ക്, ജീവിക്കാന്‍ മറന്നുപോയസ്ത്രീ, ഉത്സവം, ബോയിങ് ബോയിങ്, അക്കരെ അക്കരെ അക്കരെ, വന്ദനം, തുടങ്ങി നിരവധി ചിത്രങ്ങള്‍. ലേലം എന്ന ജോഷിചിത്രത്തിലായിരുന്നു, അവസാനം അഭിനയിച്ചത്.
സുജാതയാണ് ജീവിത സഖി. സോമന് ഒരു മകനും മകളുമുണ്ട്. മകന് സജി സോമനും ചലച്ചിത്ര നടനാണ്. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഈ മഹാനടന് 1997 ഡിസംബര്‍ 12 നാണ് സിനിമാ ലോകത്തോട് വിട പറഞ്ഞത്.
സോമഗായത്രി 17ന്
തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന എം..ജി.സോമന് അനുസ്മരണം സോമ ഗായത്രി ഈ വരുന്ന ഡിസംബര്‍ 17 ന് തിരുവല്ലാ ശാന്തി നിലയത്തില്‍ നടത്തപ്പെടുന്നു. ചലച്ചിത്ര സംവിധായകന് എം.ബി.പത്മകുമാറിന്റെ അദ്ധ്യക്ഷത യില്‍ നടക്കുന്ന പരിപാടി കേരള നിയമസഭ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ഉത്ഘാടനം ചെയ്യും. സംസ്ഥാന വനിത കമ്മീഷന് അംഗം അഡ്വ .എലിസബേത്ത് മാമ്മന്‍ മത്തായി വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന അനുസ്മരണ സഭയില്‍ ചലച്ചിത്ര -സാംസ്ക്കാരിക മേഖല കളിലുള്ള പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: