ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ശരിവച്ചത് രാജ്യത്തെ ദേശീയപക്ഷത്തിന് വലിയ ആഹ്ലാദം പകര്‍ന്നുനല്‍കുന്നതാണ്. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് സംസ്ഥാനത്തെ യുദ്ധസമാനമായ ഒരു സാഹചര്യത്തിലാണെന്നും, ഇതുമൂലം കശ്മീരിന് ലഭിച്ച പദവി താല്‍ക്കാലികമാണെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയതോടെ തല്‍പ്പരകക്ഷികള്‍ ഇതിനു വിരുദ്ധമായി ഇതുവരെ പ്രചരിപ്പിച്ചിരുന്ന കുപ്രചാരണവും തെറ്റിദ്ധാരണകളും ഒറ്റയടിക്ക് റദ്ദായിരിക്കുകയാണ്. ജമ്മുകശ്മീരെന്നും ലഡാക്കെന്നും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മോദി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചതും സുപ്രീംകോടതി ശരിവച്ചിരിക്കുന്നു. രാഷ്ട്രപതിക്ക് സ്വന്തം അധികാരം പ്രയോഗിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നും വിധിയില്‍ പറഞ്ഞിരിക്കുകയാണ്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളതാണെന്നും, സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ പതിനാലാം ആക്ട്പ്രകാരം കഴിയുംവേഗം തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഇസ്ലാമിക ശക്തികളും ഇതുവരെ വാദിച്ചുപോന്നത് തെറ്റാണെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായിരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും രാഷ്ട്രത്തിന്റെ ഐക്യത്തിന് തടസ്സം നിന്നതിനും ഇക്കൂട്ടര്‍ മുന്‍കാലപ്രാബല്യത്തോടെ മാപ്പു പറയണം.
ആര്‍ട്ടിക്കിള്‍ 370 ജമ്മുകശ്മീരിന് നല്‍കിയിരുന്ന സ്വയംഭരണാധികാരം ഉപയോഗിച്ച് സംസ്ഥാനത്തിനുമേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണാവകാശം പരിമിതപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. ഇല്ലാതായിക്കഴിഞ്ഞ ഈ പ്രത്യേക പദവി ഉപയോഗിച്ച് സംസ്ഥാനത്തിന് ധനകാര്യം, പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലൊഴികെ സ്വന്തമായി നിയമനിര്‍മാണം നടത്താനും കഴിയുമായിരുന്നു. ആരാണ് സംസ്ഥാനത്തെ സ്ഥിരതാമസക്കാരെന്നു തീരുമാനിക്കാനും, പുറത്തുള്ളവര്‍ കശ്മീരില്‍ താമസിക്കുന്നതും സ്ഥലംവാങ്ങുന്നതും ചില സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതും ഈ പ്രത്യേക അധികാരം ഉപയോഗിച്ച് വിലക്കാനും കഴിയുമായിരുന്നു. വിഘടനവാദം വളര്‍ത്തുന്നതും, ദേശീയ ഐക്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതുമായ ഈ സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ വകുപ്പ് റദ്ദാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ലോക്സഭയില്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും വലിയ കോലാഹലം ഉയര്‍ന്നു. ഭരണഘടനാ വിരുദ്ധമാണ്, മതേതര വിരുദ്ധമാണ് എന്നൊക്കെയുള്ള പതിവു പല്ലവികള്‍ ഉയര്‍ന്നു. ആയിരം മോദിമാര്‍ വന്നാലും കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കാനാവില്ലെന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നവര് ക്രുദ്ധരായി. ജമ്മുകശ്മീരിനെ പല നിലയ്ക്കും രാജ്യവുമായി വേര്‍പെടുത്തി നിര്‍ത്തുന്ന ഒരു വകുപ്പ് പാകിസ്ഥാന്റെ ഇടപെടലിനും വിഘടനവാദത്തിനും ഭീകരവാദത്തിനുമൊക്കെ വളംവയ്ക്കുന്നതായിരുന്നിട്ടും അതിനെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ്സും പിഡിപിയുമൊക്കെ ചെയ്തത്. പരമ്പരാഗതമായി സംസ്ഥാനത്തിന്റെ അധികാരം കൈവശം വച്ചുപോന്നവര് ദേശീയോദ്ഗ്രഥനത്തെ ചെറുക്കുകയായിരുന്നു. ചില വൈദേശിക ശക്തികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ഇത് അവസരമൊരുക്കുകയും ചെയ്തു.
പരമോന്നത നീതിപീഠത്തിന്റെ വിധി ചരിത്രപരമാണെന്നും, ജമ്മുകശ്മീരിലെയും ലഡാക്കിലെയും സഹോദരീസഹോദരന്മാരുടെ പുരോഗതിയുടെയും പ്രതീക്ഷയുടെയും പ്രഖ്യാപനമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഭാവാത്മകമാണ്. രാഷ്ട്രത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുന്ന വിധിയാണിതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യസ്നേഹികളായ ഏതൊരാളെയും കശ്മീരിന്റെ പ്രശ്നഭരിതമായ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കും. ഒരു രാഷ്ട്രത്തില്‍ രണ്ട് ഭരണഘടനയും രണ്ട് പതാകകളും രണ്ട് പ്രധാനമന്ത്രിമാരെയും അനുവദിക്കില്ലെന്നു പറഞ്ഞ് ജനസംഘസ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കശ്മീരിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ യാത്രയുടെ സാഫല്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നു പറയാം. കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥമൂലം ശ്രീനഗര്‍ ജയിലില്‍ ജീവന്‍പൊലിഞ്ഞ ആ ധീരദേശാഭിമാനിയുടെ ആത്മാവ് ഇപ്പോള്‍ സംതൃപ്തികൊള്ളുന്നുണ്ടാവും. രാഷ്ട്രീയ സ്വയംസേവകസംഘവും ഭാരതീയജനസംഘവും പില്ക്കാലത്ത് ബിജെപിയും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒന്നാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്നത്. അതാണ് രണ്ടാം മോദി സര്‍ക്കാര്‍ ധീരമായി ചെയ്തത്. ഇതിനെതിരെ മതധ്രൂവീകരണമുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതിവിധി. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നായിരുന്നു ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പ്രഖ്യാപനം. തോല്ക്കേണ്ടിവരുന്ന യുദ്ധമാണിതെന്നാണ് കോടതിയില്‍ കേസ് വാദിച്ച ഒരു നേതാവിന്റെ പ്രതികരണം. വിധിയില്‍ തോറ്റു പിന്മാറില്ലെന്നാണ് കശ്മീരിലെ മുന്മുഖ്യമന്ത്രിമാരുടെ പ്രസ്താവനകള്‍. ഇക്കൂട്ടര്‍ പതിറ്റാണ്ടുകളായി പുലര്‍ത്തുന്ന ദേശവിരുദ്ധതയുടെ തനിനിറമാണ് പുറത്തായിരിക്കുന്നത്. ഇതോടെ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരു മണ്ടത്തരംകൂടി പരമോന്നത നീതിപീഠം നിരാകരിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: