ഓരോ വേദശാഖക്കാരനും ആചരിക്കേണ്ട ഷോഡശകര്‍മങ്ങള്‍ക്കും പൂജാമന്ത്രങ്ങള്‍ക്കും അല്പാല്പം ഭിന്നതയുണ്ട്. അതുകൊണ്ടാണ് നമ്മുടെ മഹാകവി ‘തന്നുടെ തന്നുടെ ഗൃഹ്യോക്ത മാര്‍ഗ്ഗേണ ‘എന്ന് ചുരിക്കിപ്പറഞ്ഞിരിക്കുന്നത്. അങ്ങനെ ദ്വിജത്വം സമ്പാദിച്ചാല്‍ അത് അനുസരിച്ച് ആചാര്യനെ സമീപിച്ച് മന്ത്രോപദേശം സ്വീകരിക്കുകയും ആദ്യം (പൂര്‍വ്വം) ആചാര്യനെ (ഗുരുവിനെ) ആരാധിക്കുകയും (പൂജിക്കുകയും) തുടര്‍ന്ന് എന്നേയും (പരമാത്മവിനേയും ഉപാസ്യനായ ദേവനേയും) ആരാധിക്കുകയും ചെയ്തുകൊള്ളുക.
ഇങ്ങനെയല്ലാതുള്ള ഒരു വ്യാഖ്യാനത്തിന് പ്രകൃതത്തില്‍ യാതൊരു സാംഗത്യവുമില്ല. ഇതേപോലൊ ക്രിയാമാര്ഗ്ഗോപദേ ശത്തിലെ ശേഷം ഭാഗങ്ങള്‍ക്കും നല്‍കിയിട്ടുള്ള വ്യാഖ്യാനങ്ങളിലും ഇമ്മാതിരി പിഴവുകള്‍ വന്നുപോയിട്ടുണ്ടെന്ന സവിനയം പ്രസ്താവിച്ചുകൊള്ളട്ടെ. ഈ പിഴവുകള്‍മൂലം കവിയുടെ അന്തര്‍ഗതമോ പൂജാപദ്ധതിയുടെ സൂക്ഷ്മാംശങ്ങളോ പ്രകാശിതമാവുന്നില്ലെന്നു മാത്രമല്ല, പൂജാകര്‍മ്മങ്ങള്‍ കൊണ്ട് ബ്രാഹ്മണത്വം ലഭിക്കുമെന്നും ആചാര്യന്റെ സാന്നിദ്ധ്യത്തിലാണ് പൂജ നടത്തേണ്ടതെന്നും മറ്റുമായ അസംബന്ധങ്ങള്‍ അനഭ്യസ്തവിദ്യരായ സാധുജനങ്ങളില്‍ പ്രചരിക്കുന്നതിനും ഇടയാകും.
ആദ്യമായി രാമനെ ഈശ്വരനായി കണ്ടുകൊണ്ട് സ്തുതിക്കുന്ന രചന കേരളീയനായ കുലശേഖര ആഴ്വാറുടെ ‘പെരുമാള്‍ തിരുമൊഴി’ എന്ന കൃതിയാണ്. അദ്ദേഹത്തിന്റെ ‘മുകുന്ദമാല’ എന്ന സംസ്കൃത കൃതിക്ക് വളരെ വിപുലമായ വ്യാഖ്യാനം എഴുതിയിട്ടു. ളളത് രാമാനന്ദന്റെ ഗുരുവായ രാഘവാനന്ദനാണ്. ഭവിഷ്യത്പുരാണം, ഭക്തമാല് ഇവ അനുസരിച്ച് രാമാനന്ദന്റെ ഗുരു രാഘവാനന്ദയതി ആണ്. കോക്കുന്നത്ത് ശിവാങ്ങള്‍ എന്ന യോഗിയുടെ സമകാലികനായി രാഘാവനന്ദന് 14ാം ശതകത്തില്‍ ആണ് ജീവിച്ചിരുന്നത്.
അദ്ധ്യാത്മരാമായണം (മൂലം) മഹാത്മ്യവിവരണത്തോടെ ആരംഭിക്കുമ്പോള്‍ ശ്രീദക്ഷിണാമൂര്ത്തിയെ വന്ദിച്ചിരിക്കുന്നു. ദക്ഷിണാമൂര്‍ത്തിയെ വന്ദിക്കുന്ന രീതി കേരളീയ പരമ്പരയിലേ കാണപ്പെടുന്നുള്ളൂ.
ആദ്യമായി അദ്ധ്യാത്മരാമായണം (മൂലം) ദേശഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നത് എഴുത്തച്ഛനാണ്. അനേകം പ്രത്യേകതകളുള്ള തന്റെ പ്രകൃഷ്ടകൃതി ഭാഷാന്തരീകരിക്കാന്‍ തന്റെ വിശ്വസ്ത ശിഷ്യനെ ചുമതലപ്പെടുത്തുന്നത് ഗുരുവായ രാമാനന്ദനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണല്ലോ.
എഴുത്തച്ഛന്റെ കാലം കൊല്ലവര്‍ഷം 600നും 800നും (മിക്കവാറും ക്രിസ്ത്വബ്ദം 15ാം നൂറ്റാണ്ട്) ഇടയ്ക്കായിരുന്നു എന്നാണ് അനുമാനിച്ചിരിക്കുന്നത്. രാമാനന്ദന്റെ കാലവും 15ാം നൂറ്റാണ്ടു തന്നെ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രണ്ടുപേരുടെയും ജീവിതകാലം 15ാം നൂറ്റാണ്ടിന്റെ ആദ്യമടങ്ങായിരുന്നിരിക്കുമെന്നും ചില വര്‍ഷങ്ങള്‍ രാമനന്ദാചാര്യന് എഴുത്തച്ഛനേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു എന്നും വന്നാല്‍ അവര്‍ തമ്മില്‍ ഗുരുശിഷ്യ ബന്ധം ഉണ്ടായിരുന്നു എന്നുള്ള നിഗമനം തികച്ചും ശരിയായിരി ക്കുമല്ലോ. (രാമാനന്ദഗുരുവിന്റെ ആവിര്‍ഭാവം 14ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ആയിക്കൂടായ്കയില്ല.)
(രാമാനന്ദന്‍ ആന്ധ്രാപ്രദേശില്‍ നിന്നും അതല്ല കന്നഡപ്രദേശത്തുനിന്നും കാശിയിലേയ്ക്ക് എത്തിയതാണെന്നും മറ്റും പറയുന്നവര്‍ ചിലകാര്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഒന്നാമത് അവിടെയെങ്ങും രാമാനന്ദന്റെ ഗുരുവായ രാഘവാനന്ദന്എന്നൊരു യോഗി അക്കാലത്ത് ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. രണ്ടാമത് അവിടെ എല്ലാം വിശിഷ്ടാദൈ്വതവും ദൈ്വതാദൈ്വതവും മറ്റും പ്രചരിച്ചിരുന്ന കാലമായിരുന്നു അത്. അവിടെയെങ്ങും അദൈ്വത പ്രചാരകനായ രാമാനന്ദന്‍ ആവിര്‍ഭവിക്കുന്നതിനുള്ള സാഹിത്യപരവും ദാര്‍ശനികവുമായ പരി തോവസ്ഥകള് ഉണ്ടായിരുന്നില്ല. നിരവധി ഉപാദാനങ്ങളുടെ അകമ്പടിയോടെ നിര്‍മ്മിക്കപ്പെട്ട ദക്ഷിണഭാരതത്തിന്റെ ആധികാരിക ചരിത്രത്തില്‍ കെ.എ. നീലകണ്ഠശാസ്ത്രി, രാമാനുജനേയും മദ്ധ്വാചാര്യരേയും വിഷ്ണുസ്വാമിയേയും വല്ലഭാചാര്യരേയും പറ്റിയെല്ലാം ഉപപാദിക്കുന്നുണ്ടെങ്കിലും അവിടെയെങ്ങും രാഘവാനന്ദനെയോ രാമാനന്ദനേയോ കുറിച്ച് യാതൊരു പരാമര്‍ശവും നടത്തുന്നില്ല. ഇത് അഭാവാത്മകമായ ഒരു തെളിവാണ്. മറ്റൊരുകാര്യമുള്ളത് ആ കാലത്തോ അതിനടുത്ത കാലങ്ങളിലോ തമിഴിലും തെലുങ്കിലും കന്നഡയിലും അദ്ധ്യാത്മരാമായണത്തിന് ഒരു തര്‍ജ്ജമയോ ആശയാനുവാദമോ അത്തരത്തിലുള്ള സ്വതന്ത്രര ചനയോ ഉണ്ടായിട്ടില്ല. പ്രശസ്ത രാമകഥാ മര്മ്മജ്ഞനായ ഡോ.ഫാദര്‍ കാമില്‍ ബുല്‍ക്കേ ഭാരതീയ രാമകഥാ രചനകളെപ്പറ്റി വളരെ വിസ്തരിച്ച് എഴുതിയിട്ടുള്ളതിന്റെ ഭാഗമായി ദ്രാവിഡഭാഷകളിലുണ്ടായ രാമായണങ്ങളെപ്പറ്റിയും രാമോപാഖ്യാനങ്ങളെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ തമിഴ് രാമായണമായ കമ്പരാമായണവും തെലുങ്ക് രാമായണമായ ദ്വിപദരാമായണവും (ദ്വിപദമെന്ന ഛന്ദസ്സില്‍ എഴുതപ്പെട്ടതാകകൊണ്ടാണ് ഈ പേര്) കന്നഡയിലെ തേരവേ രാമായ ണവും (തേരവേ എന്ന പ്രദേശത്തെ നിവാസിയായ നരഹരിയാണ് ഇതിന്റെ രചനാകാരന്‍) എന്നുവേണ്ട, രാമകഥയെ ഉപജീവിച്ച് അക്കാലത്തു നിര്‍മ്മിക്കപ്പെട്ട മറ്റെല്ലാ രചനകളും പ്രധാനമായും വാല്മീകി രാമായണത്തിന്റെ അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളതെസ് ഫാ.ബൂല്ക്കേ സാക്ഷ്യപ്പെടുത്തുന്നു. എഴുത്തച്ഛനു മുന്‍പ് മലയാളത്തില്‍ ആവിര്‍ഭവിച്ച ‘രാമചരിത’വും ‘രാമകഥപ്പാട്ടും’ ‘കണ്ണശ്ശരാമായണ’വും എല്ലാം വാല്മീകിയുടെ കൃതിയെ അവലംബിച്ചുതന്നെയാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് എഴുത്തച്ഛന് പരിഭാഷപ്പെടുത്താന്‍ പാകത്തില്‍ ‘അദ്ധ്യാത്മരാമായണം’ (മൂലം) ലഭിച്ചത് ആ കൃതി രാമാനന്ദസ്വാമികളുടെ രചനയായിരുന്നതുകൊണ്ടും സ്വാമികള്‍ എഴുത്തച്ഛന്റെ തന്നെ ആചാര്യനായിരുന്നതുകൊണ്ടും തന്നെയാവണം. അച്ചടിയും മറ്റു പ്രസിദ്ധീകരണ സൗകര്യങ്ങളും ആ കാലത്ത് ലഭ്യമായിരുന്നില്ല എന്ന കാര്യവും വിസ്മരിക്കാന്‍ പാടില്ല. യാത്രാസൗകര്യങ്ങള്‍ പോലും വളരെ പരിമിതങ്ങളായിരുന്ന ആ സമയത്ത് സ്വാമികള്‍ തന്നെ കാശിയിലെത്തി രാമഭക്തിയുടെ പ്രചാരണാര്‍ത്ഥം തന്റെ രചനയായ അദ്ധ്യാത്മരാമായണം (മൂലം) സ്വശിഷ്യന്മാരെ പഠിപ്പിക്കുകയും അവരുടെ മാതൃഭാഷയില്‍ കൂടി അതിന്റെ സന്ദേശം വ്യാപിപ്പിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് തുളസീരാമായണം പോലെയുള്ള അനശ്വരകൃതികള്‍ ആവിര്‍ഭവിച്ചത് എന്ന് കണ്ടെത്താവുന്നതാണ്. ആ കൃതിക്കാകട്ടെ അനശ്വരത ലഭിച്ചത് പ്രസ്തുതകൃതി മാതൃഭാഷയില്‍ രചിച്ചിട്ടുള്ളതാകകൊണ്ടും പ്രധാനമായും നിര്‍ഗ്ഗുണഭക്തിയും സഗുണഭക്തിയും തമ്മില്‍ ഭേദമില്ലെന്നും രണ്ടും ഒരേ പോലെ സ്വീകാര്യമാണെന്നുമുള്ള ദര്‍ശനം പ്രചരിപ്പിച്ച് ജനങ്ങളുടെ ഉപാസനാ വിഷയത്തിലുണ്ടായിരുന്ന വ്യാമിശ്രത അഥവാ അവ്യവസ്ഥ തീര്‍ത്ത് ജനങ്ങള്‍ക്ക് യഥാര്‍ത്ഥമായ സാംസ്കാരിക നേതൃത്വം നല്കിയതു കൊണ്ടുമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: