കരുനാഗപ്പള്ളി: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന യുവ ഡോക്ടര്‍ എ.ജെ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഒഴിവാക്കി പോലീസ്. ഷഹ്നയുടെ സുഹൃത്ത് കരുനാഗപ്പള്ളി അയണിമേല്ക്കുളങ്ങര കോഴിക്കോട് മീന്‍മുക്ക് മദ്രസയ്ക്കു സമീപം ഇടയില വീട്ടില്‍ ഡോ. റുവൈസ് (28) മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്.
റുവൈസിന്റെ അച്ഛന് അബ്ദുള്‍റഷീദിനെ കേസില്‍ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ പിടിക്കാന്‍ കാര്യമായ അന്വേഷണം നടക്കുന്നില്ല. പ്രതിയാക്കിയ ശേഷം കുടുംബം ഒളിവിലാണ്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ പിടികൂടാന്‍ സാധിക്കും. ഇതിനു ശ്രമിക്കാതെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള സഹായം പോലീസ് ചെയ്തുകൊടുക്കുന്നതായാണ് ആക്ഷേപം.
മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഇന്ന് കോടതിയെ സമീപിച്ചേക്കും. ഗവ. കരാറുകാരനായ അബ്ദുള്‍ റഷീദിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്, ഈ സ്വാധീനം
ഉപയോഗിച്ചാണ് അറസ്റ്റും തുടര്‍നടപടികളും ഒഴിവാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഷഹ്നയുടെ ആത്മഹത്യാകുറിപ്പില്‍ കൂടുതല്‍ സ്ത്രീധനം
ആവശ്യപ്പെട്ടതില്‍ അബ്ദുള്‍ റഷീദിന്റെ പങ്കിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വളരെ മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ള റുവൈസിന്റെ കടുംബം ഷഹ്നയെ പൂര്‍ണമായും ഒഴിവാക്കുക എന്ന ലഷ്യത്തോടെയാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ഷഹ്നയും റുവൈസും തമ്മില്‍ ഏറെനാളായി ഇഷ്ടത്തിലായിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ വിവാഹം ഉറപ്പിച്ച ശേഷമാണ് 150 പവനു 15 ഏക്കര്‍ പുരയിടവും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി ആവശ്യപ്പെട്ടത്.
ഇടത്തരം കുടുംബത്തില്‍പെട്ട ഷഹ്നയുടെ വീട്ടുകാര്‍ക്ക് ഇതു നല്കാന് സാധിക്കുന്നതായിരുന്നില്ല. വിവാഹത്തില്‍ നിന്ന് റുവൈസ് പിന്മാറിയതോടെ ഷഹ്ന ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: