ശബരിമല: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുന്നു. കുടിവെള്ളം പോലുമില്ലാതെ ദുരിതത്തിലായതോടെയാണ് ഭക്തര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ മലയിറങ്ങുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് 18 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന് പാതിവഴിയില്‍ കുടുങ്ങിപ്പോയ മാളികപ്പുറങ്ങളും പ്രായാധിക്യം ഏറിയവരും കൊച്ചു കുട്ടികളുമായി എത്തിയവരുമായ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനം ശിയായി നടത്താന്‍ കഴിയാഞ്ഞത്.
തീര്‍ത്ഥാടകര്‍ക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടക്കം മുതല്‍ പറയുമ്പോഴും സന്നിധാനത്തടക്കം ആവശ്യമായ വിരി സൗകര്യങ്ങളും ശൗചാലയങ്ങളും ഒരുക്കുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി കുറച്ചിരുന്നു. ഇരുമുടിയേന്തി ദര്‍ശനത്തിന് വരുന്ന തീര്‍ത്ഥാടകരെ പോലീസിന് ബലം പ്രയോഗിച്ച് മടക്കി അയക്കാന്‍ കഴിയില്ല എന്നതുകൊണ്ട് തന്നെ ഇത് പ്രായോഗികമല്ല. മുന്‍വര്‍ഷങ്ങളില്‍ എല്ലാം തന്നെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 ആയിരുന്നു. എന്നാല്‍ യാതൊരു കൂടിയാലോചനകളും ഇല്ലാതെ അപ്രതീക്ഷിതമായി ബുക്കിങ് 80,000 ആക്കി നിജപ്പെടുത്തിയപ്പോള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പോലീസും സംഭവിച്ച വീഴ്ച തുറന്ന് സമ്മതിക്കുന്നതിന് തുല്യമാണ്.
ക്യൂ കോംപ്ലക്സുകളില്‍ മണിക്കൂറുകള്‍ തടഞ്ഞുനിര്‍ത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതില്‍ പോലും അധികൃതര്‍ പരാജയപ്പെട്ടു. ക്യൂവില്‍ നിന്ന് വലഞ്ഞ് ഒരിറ്റ് ദാഹജലത്തിനായി അലമുറയിടുന്ന കുട്ടികളുടെ കാഴ്ച വേദനാജനകമാണ്. മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴി സന്നിധാനത്തേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ അവസ്ഥ പരമ ദയനീയമാണ്. രണ്ടര കിലോമീറ്റര്‍ ദൂരം പിന്നിടുന്നതിന് അഞ്ച് മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ശബരീ പീഠം കഴിഞ്ഞാല്‍ കുടിവെള്ള ടാപ്പുകള്‍ പോലും ഇല്ല. ഈ ഭാഗത്തെ പടിക്കെട്ടിലൂടെ ഒഴുകിവരുന്ന മലിന ജലത്തില്‍ ചവിട്ടിയാണ് തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: