ഭാഷയില്‍ മലയാളിയുടെ ജീവിതം തുടര്‍ന്നിട്ട് നാളിതുവരെയുള്ള പ്രധാന സംഭവവികാസങ്ങളെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്ന കൃതിയാണ് ‘ഭാഷയില്‍ മലയാളിയുടെ ജീവിതം.’ ഭാഷയിലുള്ള മലയാളിയുടെ ജീവിതത്തെ എത്രകണ്ട് സമഗ്രവും സമ്പൂര്‍ണ്ണവുമായി സംഗ്രഥിക്കാനാകുമോ അത്രയും മനോഹരമായി മലയാളിയുടെ ഭാഷാജീവിതാനുഭവം പകര്‍ന്നുവയ്ക്കുകയാണ് ഈ കൃതി.
സ്വന്തം ഭാഷയോടുള്ള മലയാളിയുടെ ഇഴയടുപ്പത്തില്‍ മലയാളിക്കു സംഭവിച്ചിട്ടുള്ള ഏറ്റക്കുറച്ചിലുകള്‍ നിഷ്പക്ഷമായും കൃത്യമായും ഈ കൃതി വിലയിരുത്തുണ്ട്. ആഗോളീകരണകാലത്ത് സ്വത്വം നഷ്ടപ്പെടുന്നതായി തിരിച്ചറിയുന്നവര്‍ തങ്ങളുടെ ഭാഷയെ അന്യംനിന്നുപോകാതെ ചേര്‍ത്തുപിടിക്കുന്നു. മലയാളിയാകട്ടെ ഇതിനു നേര്‍വിപരീതമായ സ്വഭാവമാണ് പുലര്‍ത്തുന്നത് എന്ന സത്യം ശ്രദ്ധയില്‍പ്പെടുത്തുന്ന ഈ കൃതി, അതേതെല്ലാം തലത്തില്‍ സംഭവിക്കുന്നുവെന്നു അന്വേഷിക്കുന്നു. ഈ വിഷയം മലയാളസമൂഹമനഃസാക്ഷിക്കു മുന്നില്‍ ഗൗരവത്തോടെ തുറന്നുകാട്ടി പരിഹാര വിചിന്തനത്തിനു പ്രേരിപ്പിക്കുക എന്നതാണു ഈ കൃതിയുടെ ദൗത്യം. ഭാഷയില്‍ മലയാളിയുടെ ജീവിതചരിത്രം രേഖപ്പെട്ടു കിടക്കുന്ന പതിമൂന്നു അദ്ധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്.
‘മലയാളത്തിന്റെ അരികുജീവിതം’എന്ന ആദ്യ അദ്ധ്യായം ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നുംമാറ്റിനിര്‍ത്തപ്പെടുന്ന ഭാഷയുടെ അരികുജീവിതത്തെപ്പറ്റിയുള്ളതാണ്. മാനവരാശിയുടെ ആദിഭാഷയേതെന്നു ചട്ടമ്പി സ്വാമികള്‍ തെളിവെടുത്തുപറഞ്ഞിട്ടുള്ളതും, തൊല്ക്കാപ്പിയവും നന്നൂലും പോലുള്ള അതിപ്രാചീന വ്യാകരണകൃതികള്‍ ജന്മമെടുത്തിട്ടുള്ളതുമായ ആദിദ്രാവിഡഭാഷയുടെ പാരമ്പര്യമാണ് മലയാളം ഉള്‍പ്പെടെ ദ്രാവിഡ ഭാഷയ്ക്കുള്ളതെന്ന പരമാര്‍ത്ഥം ഗ്രന്ഥകാരന് ശ്രദ്ധയില്‍പ്പെടുത്തുന്നു.
മലയാളത്തില്‍ ‘കവിതയുടെ ജീവിത’മാണു രണ്ടാംഅദ്ധ്യായം. സംഘംകൃതികളില്‍ തുടങ്ങുന്ന അതിന്റെ മലനാട്ടുവഴക്കം ചര്‍ച്ചചെയ്തുകൊണ്ടും, തുടര്‍ന്നു സംഭവിച്ച കാവ്യപരീക്ഷണ കൗതുകങ്ങളെല്ലാം ചേര്‍ത്തുപിടിച്ചു കൊണ്ടും സഞ്ചരിക്കുകയാണ് ഗ്രന്ഥകാരന്.
തുടര്‍ന്നുവരുന്ന വിചാരധാര വൈജ്ഞാനിക മലയാളത്തെപ്പറ്റിയാണ്. ക്ഷേത്രലിഖിതങ്ങള്‍, ചെപ്പേടുകള്‍, ഗ്രന്ഥവരികള്‍, വായ്ത്താരി ഗദ്യങ്ങള്‍, പ്രാചീന മലയാളവിജ്ഞാധാരയില്‍ തുടങ്ങി മലയാളം മാതൃഭാഷയാക്കാന്‍ ശ്രീമൂലം പ്രജാസഭയില്‍ ജ്ഞാനപ്രദായിനി ഗ്രന്ഥാശാലാസ്ഥാപകന്‍ എ.പി.നായര്‍ അവതരിപ്പിച്ച മാതൃഭാഷയെ ഭരണഭാഷയാക്കാനുള്ള പ്രമേയങ്ങളെയെല്ലാം ചര്‍ച്ച ചെയ്ത്, ഇപ്പോള്‍ യൂണികോഡ് ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വൈജ്ഞാനിക മലയാളത്തെവരെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നു.
എഴുത്തച്ഛന്റെ നാലും ആറും ആടുന്ന ചക്കിലാണ് ഇന്നും മലയാളിയുടെ കാവ്യപാരമ്പര്യം ആടിത്തെളിയുന്നതെന്ന സത്യം ഈ നിരൂപകന് ഓര്‍മപ്പെടുത്തുന്നു. രണ്ടാംഭാഷയായ മലയാളം, ശ്രേഷ്ഠ മലയാളമോ എന്നീ അദ്ധ്യായങ്ങള്‍ ഭാഷയുടെ സമകാലികസ്വത്വത്തെ അന്വേഷിച്ചു നിജപ്പെടുത്തുന്നുണ്ട്.
കോളനീയാനന്തരകാലത്തുതന്നെ ഒന്നാംഭാഷയാകേണ്ടിയിരുന്ന മാതൃഭാഷ, തുടര്‍ന്നുള്ളകാലത്ത് രണ്ടാംതരമായതിലുള്ള മാനസികാടിമത്തം ഗ്രന്ഥകാരന് തുറന്നു കാട്ടുന്നുണ്ട്. അപകര്‍ഷതാബോധത്തില്‍ തലകുനിക്കുന്ന മലയാളിയുടെ ആത്മവിശ്വാസമില്ലാത്ത വ്യക്തിത്വം ഭാഷയില്‍ കല്‍പ്പിക്കുന്ന ഈ പതിത്വവുമായി ബന്ധപ്പെട്ടു തിരിച്ചറിയപ്പെടണം. വിദേശഭാഷയോടുള്ള ആരാധനയും വിധേയത്വവുമാണ് തത്സഥാനത്ത് മലയാളിക്കുള്ളത്.
പാശ്ചാത്യവല്‍കൃതമായ അടിമമനസ്ഥിതിയുടെ ഉപഭോക്താവായ മലയാളിക്കു സ്വന്തം ഭാഷയുടെ വേരറ്റുപോയാലും അതു പ്രശ്നമാകില്ലെന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയപ്പെടുന്നുണ്ട്. ‘ദേശീയമലയാളം’ എന്ന അധ്യായത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയും, വൈക്കം സത്യഗ്രഹവുമെല്ലാം ഏതുവിധത്തില്‍ ഭാഷാസംസ്കൃതിയെ സ്വാധീനിച്ചുവെന്ന് ചര്‍ച്ച ചെയ്യുന്നു.
‘വിളംബരമലയാളം’ എന്ന അധ്യായം കുണ്ടറ വിളംബരംപോലുള്ള നിര്‍ണായക വിളംബരങ്ങള്‍ക്കുള്ള ഭാഷാസംസ്കൃതിയിലുള്ള സ്വാധീനം വിലയിരുത്തുന്നു. ‘നിവേദനമലയാളം’ എന്ന അദ്ധ്യായം മലയാളി മെമ്മോറിയല്‍ തുടങ്ങിയ നിവേദനങ്ങള്‍ ഭാഷയിലുളവാക്കിയ നിര്‍ണായകസ്വാധീനങ്ങള്‍ വിചിന്തനം ചെയ്യുന്നതാണ്.
‘മലയാളിയുടെ ആദിഭാഷാദര്‍ശനം’ എന്ന അദ്ധ്യായം ഭാഷയ്ക്ക് ലോകഭാഷകളില്‍ വിശേഷമാനം നല്‍കുന്നതാണ്. അന്യഭാഷകളില്‍ അധികം നടന്നിട്ടില്ലാത്ത ഈ ആദിഭാഷാഗവേഷണപഠനഫലം മലയാളത്തിനു ചട്ടമ്പി സ്വാമികള്‍ സമ്മാനിച്ചതാണ്. ‘മലയാളത്തിന്റെ കൊടിയേറ്റം’ എന്ന അദ്ധ്യായം മലയാളത്തെ കൈപിടിച്ചുയര്‍ത്തിയ പ്രതിഭാധനന്മാരുടെ സംഭാവന ചര്‍ച്ചചെയ്യുന്നു. മലയാളസാഹിത്യം കേരളം പിറന്നശേഷം, മാദ്ധ്യമമലയാളം, ദര്‍ശനത്തെ കവിതയാക്കിയ മലയാളം എന്നിങ്ങനെയുള്ള അദ്ധ്യായങ്ങള്‍ ഭാഷയില്‍ ഈ വിഷയങ്ങളുടെ സ്വത്വം തിരിച്ചറിയപ്പെടുന്നതോടൊപ്പം ഈ നവോത്ഥാനത്തിനുള്ള നാള്‍വഴി അന്വേഷിക്കുന്നവ കൂടിയാണ്. മലയാളിക്കും ഭാഷയ്ക്കും സര്‍വതോമുഖമായ പുരോഗതിയുടെ നാഴികക്കല്ലായി ഈ കൃതി മാറുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: