ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സോളാർ പവർ (CSP) പദ്ധതിക്ക് യുഎഇയിൽ തുടക്കമായി. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ കോൺസെൻട്രേറ്റഡ് സോളാർ പവർ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
15.78 ബില്യൺ യുഎഇ ദിർഹം മുതൽമുടക്കിലാണ് ഈ പദ്ധതി നിർമ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാർ ടവർ (263.126 മീറ്റർ), 5,907 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ഏറ്റവും വലിയ താപ ഊർജ സംഭരണ ശേഷി എന്നീ ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ പദ്ധതിയുടെ ഭാഗമാണ്. 950 മെഗാവാട്ട് ശേഷിയുള്ള നാലാം ഘട്ടത്തിൽ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 600MW ഉത്പാദിപ്പിക്കുന്ന ഒരു പരാബോളിക് ബേസിൻ കോംപ്ലക്സ്, 100MW ഉത്പാദിപ്പിക്കുന്ന സിഎസ്പി ടവർ, 250MW ഉത്പാദിപ്പിക്കുന്ന ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകൾ എന്നിവയാണിത്.
ലോകത്തിലെ ഏറ്റവും സുസ്ഥിര രാഷ്ട്രങ്ങളിലൊന്നായി മാറാനുള്ള വ്യക്തമായ കാഴ്ചപ്പാട് യുഎ ഇക്കുണ്ടെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് ദുബായുടെ ഹൃദയഭാഗത്താണ് , സുസ്ഥിരതയ്ക്കായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാനും പരിസ്ഥിതി സൗഹൃദ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണിത് സൂചിപ്പിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
ഇതിനു പുറമെ ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ്ജ പദ്ധതി സൃഷ്ടിക്കുന്നതിലെ തങ്ങളുടെ വിജയം, കാലാവസ്ഥാ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തിന് അടിവരയിടുന്നു. കൂടാതെ നിലവിൽ യുഎഇ ആതിഥേയത്വം വഹിക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ (COP28) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലെ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് പോർട്ട് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റു നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: