ന്യൂദല്‍ഹി: ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് തൃണമൂല്‍ നേതാവായ മഹുവ മൊയ്ത്ര. 2019ല്‍ എംപിയാകും മുന്‍പ്, 2016 മുതല്‍ 2019 വരെ കരിംപൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ആസാമിലെ കാച്ചറിലാണ് ജനനം. മസാച്ചുസെറ്റ്സില്‍ നിന്ന് എക്കണോമിക്സിലും കണക്കിലും ബിരുദം.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായ ന്യൂയോര്‍ക്കിലെ ജെപി മോര്‍ഗനില്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായി ജോലി തുടങ്ങി. ജെപി മോര്ഗന് ലണ്ടന്‍ ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരിക്കെ 2009ല്‍ ജോലി രാജിവച്ചു. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ലോക്സഭാ എംപിയായി.
ലോക്സഭയിലെ തീപ്പൊരി പ്രാസംഗിക, തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാവ്, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം ആഞ്ഞടിക്കുന്ന വനിതാ നേതാവ്… അങ്ങനെ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കുള്ള വിദേശഷണങ്ങള്‍ നിരവധിയാണ്. പക്ഷെ എല്ലാം കഴിഞ്ഞു.
പാര്‍ലമെന്റില്‍ എംപിമാര്‍ക്കുള്ള അവകാശമാണ്, കോഴ വാങ്ങി മഹുവ ചില കോടീശ്വരന്മാര്ക്ക് അടിയറ വച്ചത്. മോദിക്കും അദാനിക്കും എതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ തന്റെ ഇ മെയില്‍ ഐ ഡി പോലും മറ്റുള്ളവര്‍ക്ക് കൈമാറിയെന്നാണ് പാര്‍ലമെന്ററി സമിതി കണ്ടെത്തിയത്. ദര്ശന് ഹീരാനന്ദാനി എന്ന ബിസിനസ് പ്രമുഖനുമായി മഹുവയ്ക്ക് ബന്ധമുണ്ട്.
ഇയാള്‍ക്കു വേണ്ടി മഹുവ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമല്ല മഹുവയുടെ ഈ മെയില്‍ അക്കൗണ്ടില്‍ നിന്ന് ഹീരാനന്ദാനിയും അയാള്‍ ചുമലതപ്പെടുത്തുന്നവരും മോദിക്കെതിരെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള ചോദ്യങ്ങള്‍ അയച്ചു നല്‍കിയിരുന്നു.
ഇങ്ങനെ മോദിക്കും അദാനിക്കും എതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഹീരാനന്ദാനി മഹുവയ്ക്ക് രണ്ടു കോടി രൂപയും ഐഫോണ്‍ അടക്കമുള്ള വിലയേറിയ സമ്മാനങ്ങളും നല്‍കിയെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ഒക്ടോബറില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു. മഹുവയ്ക്ക് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ 75 ലക്ഷം രൂപ നല്കിയതും ഹീരാനന്ദാനിയായിരുന്നു.
മഹുവ പാര്‍ലമെന്റില്‍ ഉന്നയിച്ച 61 ചോദ്യങ്ങളില്‍ 50 എണ്ണവും ദര്ശന് ഹീരാനന്ദാനിയുടെയും അയാളുടെ കമ്പനിയുെടയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവയായിരുന്നുവെന്ന് പരാതിയില്‍ ദുബൈ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിക്ക ചോദ്യങ്ങളും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ളവയുമായിരുന്നു. അതായത് ഒരു ബിസിനസ് ഗ്രൂപ്പിനു വേണ്ടി മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു അവയെന്നര്‍ഥം.
കോഴ വാങ്ങിയെന്നത് നിഷേധിച്ചുവെങ്കിലും തന്റെ പാര്‍ലമെന്ററി ലോഗിന്‍ ഐ ഡി ദര്ശന് നല്‍കിയതായി പാര്‍ലമെന്ററി സമതിയോട് അവര്‍ സമ്മതിച്ചിരുന്നു. തങ്ങളുടെ ബന്ധം തകര്‍ന്നതാണ് തനിക്ക് വിനയായതെന്നും മഹുവ പാര്‍ലമെന്ററി സമിതിയോട് പറഞ്ഞിട്ടുണ്ട്.
ഹീരാനന്ദാനിയുടെ സാമ്രാജ്യം
റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ വലിയ തോതില്‍ മുതല്‍ മുടക്കുന്ന ബിസിനസുകാരനാണ് ദര്ശന് ഹീരാനന്ദാനി. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ്. ഹീരാനന്ദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തി നിരഞ്ജന് ഹീരാനന്ദാനിയാണ്. അദ്ദേഹത്തിന്റെ മകനാണ് 42 കാരനായ ദര്ശന്. യോട്ട ഡേറ്റാ സര്‍വ്വീസസിന്റെ ചെയര്മാന് കൂടിയാണ് ദര്ശന്. എണ്ണ പ്രകൃതി വാതക രംഗത്തെ എച്ച് എനര്‍ജി, ടാര്‍ഖ് സെമി കണ്ടക്ടേഴ്സ്, ഉപഭോക്തൃ സേവന മേഖലയിലുള്ള തേസ് പ്ലാറ്റ്ഫോം എന്നിവയുടെ ഉടമയും ദര്‍ശനാണ്.
ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദവും എംബിഎയും നേടിയ ദര്ശന് ആണ് ഹീരാനന്ദാനി ഗ്രൂപ്പ് ബിസിനസുകളെ വമ്പന്‍ വളര്‍ച്ചയിലേക്ക് നയിച്ചത്.
2004ല്‍ ദുബായ്യിലെ ലോകത്തേറ്റവും ഉയരമുള്ള റസിഡന്‍ഷ്യല്‍ ടവര്‍ കെട്ടിപ്പൊക്കിയത് ദര്‍ശനാണ്. 2017ലാണ് എച്ച് എനര്‍ജി സ്ഥാപിച്ചത്. ഭാരതത്തിലെ ആദ്യ ഫ്ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിച്ചത് ഈ കമ്പനിയാണ്.
മൊയ്ത്രയുടെ പങ്കാളി
ഒരിക്കല്‍ മഹുവ െമായ്ത്രയും ദര്‍ശനും പങ്കാളികളായിരുന്നു. മൊയ്ത്ര തൃണമൂല്‍ എംഎല്‍എ ആയിരിക്കെ 2017ല്‍ ബംഗാള്‍ ഗ്ളോബല്‍ ബിസിനസ് ഉച്ചകോടിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ക്രമണേ ബന്ധം സൗഹൃദത്തിന് അപ്പുറം വളര്‍ന്നു. മൊയ്ത്ര പല കുറി ദര്‍ശന്റെ ദുബായ്യിലെ ബിസിനസ് സാമ്രാജ്യത്തില്‍ വരെ എത്തി. സമീപകാലത്ത് ഇവര്‍ തമ്മില്‍ തെറ്റിയതോടെയാണ്, മൊയ്ത്രയുടെ കോഴയിടപാട് പുറത്തായത്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള എംപിമാരുടെ അവകാശം അവര്‍ അക്ഷരാര്‍ഥത്തില്‍ കോടികള്‍ക്ക് ദര്ശന് വില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: