ന്യൂദല്‍ഹി: ലോക്സഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വഴിയൊരുക്കിയത് വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശ. അഞ്ഞൂറു പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്സ് കമ്മിറ്റി തയാറാക്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറിയിരുന്നത്. ഹീരാനന്ദാനി ഗ്രൂപ്പുമായുള്ള മഹുവയുടെ പണമിടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
എംപിയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐ ഡിയും പാസ് വേര്‍ഡും ബിസിനസ് ഗ്രൂപ്പിന് കൈമാറിയത് മാപ്പ് നല്കാനാവാത്ത കുറ്റമാണെന്ന് എത്തിക്സ് കമ്മിറ്റി വിലയിരുത്തി. ചോദ്യങ്ങള്‍ തയാറാക്കാനായി പിഎയെ ചുമതലപ്പെടുത്തും പോലെയല്ല അതിനെ കാണേണ്ടത്. വിലയേറിയ മേയ്ക്കപ്പ് സാധനങ്ങള്‍ സമ്മാനങ്ങളായി കൈപ്പറ്റിയത് ലോക്സഭാംഗമെന്ന നിലയില്‍ പദവിക്ക് ചേര്‍ന്നതല്ല.
പലപ്പോഴായി മൂന്നുകോടി രൂപ ഹീരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവയ്ക്ക് ലഭിച്ചതായാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്. അതേപ്പറ്റി കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മഹുവയുടെ പ്രവൃത്തി അസാന്മാര്ഗ്ഗികമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഗുരുതരമായ കുറ്റംതന്നെയാണ് മഹുവയുടെ ഭാഗത്തുനിന്നുണ്ടായത്. അതിനാല്‍ത്തന്നെ വിശദമായ അന്വേഷണം നടത്തി സമയബന്ധിതമായ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മഹുവയുടെ പാര്‍ലമെന്റ് ഐ ഡി 47 തവണ ദുബായ്യില് വച്ച് തുറന്നതായി ഐ ടി മന്ത്രാലയവും ലോക്സഭാ എംപിയുടെ വിവരങ്ങള്‍ ചോര്‍ന്നത് രഹസ്യവിവരങ്ങളുടെ ചോര്‍ച്ച എന്നതിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും എത്തിക്സ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു
ന്യൂദല്‍ഹി: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്പാല്‍ നിര്‍ദേശ പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
മഹുവയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്പാലിനെ സമീപിച്ചത്. ലോക്പാലിനു മുമ്പാകെ സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്തിന്റെ കത്തും നിഷികാന്ത് ദുബെ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: