ഡെറാഡൂണ്‍ : വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിദിന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിനെ ഒരു പുതിയ നിക്ഷേപ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള സുവര്‍ണാവസരമാണ് ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടിയെന്ന് നിക്ഷേപകരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ റോഡ്, റെയില്‍, വ്യോമ മേഖലകളില്‍ ദ്രുതഗതിയിലുള്ള വികസനം ഉണ്ടായിട്ടുണ്ടെന്നും ഇത് വ്യവസായ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നത് സുഗമമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വിനോദസഞ്ചാര മേഖലയെ പരാമര്‍ശിച്ച്, ഉത്തരാഖണ്ഡില്‍ ടൂറിസത്തില്‍ നിക്ഷേപത്തിന് വലിയ സാധ്യതയുണ്ടെന്ന് മോദി പറഞ്ഞു. വിദേശത്ത് വെച്ച് വിവാഹം കഴിക്കുന്നതിന് പകരം രാജ്യത്ത് വെച്ച് വിവാഹം കഴിക്കാന്‍ അദ്ദേഹം ഭാരതീയരോട് അഭ്യര്‍ത്ഥിക്കുകയും ഉത്തരാഖണ്ഡിനെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആയി സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്തെ പ്രാദേശിക വിതരണ ശൃംഖലയെയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലും ഇറക്കുമതി കുറയ്ക്കുന്നതിലും രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വനിതാ സ്വയം സഹായ സംഘങ്ങളുടെ ഹൗസ് ഓഫ് ഹിമാലയാസ് ബ്രാന്‍ഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ബ്രാന്‍ഡിലൂടെ രണ്ട് കോടി ഗ്രാമീണ സ്ത്രീകളെ ലഖ്പതി ദീദിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രിയെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകള്‍ സ്വീകരിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനവും പ്രധാനമന്ത്രി വീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: