ന്യൂദല്‍ഹി: എബിവിപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ ഒരുക്കിയ പ്രദര്‍ശനം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന പ്രദര്‍ശനം എബിവിപിയുടെ 75 വര്‍ഷത്തെയും അടയാളപ്പെടുത്തുന്നു.
എബിവിപി സ്ഥാപകരിലൊരാളായ ദത്താജി ഡിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ പേരിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. എബിവിപി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. രാജ്കുമാര് ഭാട്ടിയ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
1971ല്‍ ദല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ദത്താജിയുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ രാജ്കുമാര് ഭാട്ടിയ പങ്കുവച്ചു. ദത്താജി ഡിഡോല്‍ക്കര്‍, യശ്വന്ത്റാവു കേല്‍ക്കര്‍, മദന്‍ദാസ് ദേവി എന്നീ മഹാരഥന്മാരുടെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും പാരമ്പര്യമാണ് എബിവിപിക്കുള്ളത്.
ഒരു ചെറിയ ചെടിയായിരുന്ന വിദ്യാര്‍ത്ഥി പരിഷത്തിനെ വടവൃക്ഷമാക്കുന്നതില് ദത്താജിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വളരെ ഏറെ സഹായിച്ചു, രാജ്കുമാര് ഭാട്ടിയ പറഞ്ഞു. എബിവിപി ദേശീയ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, ദേശീയ സെക്രട്ടറി സാക്ഷി സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ഛത്രപതി ശിവജിയുടെ വീരഗാഥ, വിശ്വഗുരു ഭാരത്, ഗൗരവ്ശാലി ഭാരത്, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം, എബിവിപിയുടെ പ്രവര്‍ത്തനങ്ങളും കാര്യപദ്ധതിയും, ദല്‍ഹിയുടെ യഥാര്‍ത്ഥ ചരിത്രം, പ്രധാന വിദ്യാര്‍ത്ഥി സമരങ്ങള്‍, എബിവിപിയുടെ 75 വര്‍ഷത്തെ അവിസ്മരണീയ യാത്ര എന്നീ എട്ട് പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് 50 ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രദര്‍ശനം തയാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: