ന്യൂദല്‍ഹി: താലിബാന് നയതന്ത്ര അംഗീകാരം നല്കി ചൈന. താലിബാന് നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥനെ അഫ്ഗാനിസ്ഥാന്റെ അംബാസഡറായി അംഗീകരിക്കാന്‍ ബീജിങ് തീരുമാനിച്ചു. താലിബാന് നയതന്ത്ര അംഗീകാരം നല്കുന്ന ആദ്യത്തെ രാജ്യമാണ് ചൈന.
ദീര്‍ഘകാലമായി തുടരുന്ന സൗഹൃദമാണ് അയല്‍ രാജ്യമായ അഫ്ഗാനുമായുള്ളതെന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ആ രാജ്യം മാറ്റിനിര്ത്തപ്പെടേണ്ടതല്ലെന്നുമാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അഫ്ഗാനിലെ താലിബാന് ഭരണകൂടത്തെ അഫ്ഗാനിസ്ഥാനില്‍ നിയമാനുസൃതം രൂപീകരിച്ച സര്‍ക്കാരായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് വെങ് ബിന്‍ ഇത് പറഞ്ഞത്.
താലിബാന് നിര്‍ദേശിച്ച ബിലാല്‍ കരിമിക്ക് ചൈന അംബാസഡറായി അംഗീകാരം നല്‍കിയെന്ന വാര്‍ത്ത നേരത്തെ കാബൂള്‍ സ്ഥിരീകരിച്ചിരുന്നു. കരിമി നല്കിയ രേഖകള്‍ അംഗീകരിച്ചുകൊണ്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനെത്തുടര്‍ന്ന് താലിബാന് അഫ്ഗാനില്‍ ഭരണം സ്ഥാപിച്ചതിന് ശേഷം പാകിസ്ഥാനും റഷ്യയും ചൈനയും മാത്രമാണ് കാബൂളിലെ എംബസികള്‍ നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: