ബംഗാള്‍ ഉള്‍ക്കടലില്‍ ഉടലെടുത്ത തീവ്രചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ ജനജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഒഴുകിപ്പോയും ഗതാഗതം തടസ്സപ്പെട്ടും വൈദ്യുതി നിലച്ചും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ എട്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകളെങ്കിലും പല വീടുകളും വെള്ളത്തില്‍ മുങ്ങിയിട്ടുള്ളതിനാല്‍ കൂടുതല്‍ ആള്‍നാശം സംഭവിച്ചിരിക്കാനാണ് സാധ്യത. സൈന്യത്തിന്റെയും രാഷ്‌ട്രീയ സ്വയംസേവക സംഘത്തെപ്പോലുള്ള സന്നദ്ധ സംഘടനകളുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് അവിടേക്ക് ജനങ്ങളെ മാറ്റിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ഭക്ഷണവും മരുന്നുമൊക്കെ എത്തിക്കാന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 5000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതുതന്നെ പ്രളയക്കെടുതിയുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. 20000 ലേറെ പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു എന്നറിയുമ്പോള്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്കാവാന്‍ ഏറെക്കാലം വേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആന്ധ്രയിലെ നെല്ലൂരിനും കവാലിക്കുമിടയില്‍ കരതൊടാന്‍ തുടങ്ങിയിരിക്കുന്ന മിഗ്‌ജോം ചുഴലിക്കൊടുങ്കാറ്റ് ഇനി എന്തൊക്കെ നാശനഷ്ടങ്ങളാണ് വരുത്താന്‍ പോകുന്നതെന്ന് പറയാനാവില്ല. അത്യന്തം അരക്ഷിതമായ ചുറ്റുപാടുകളില്‍ കഴിയേണ്ടി വന്നിരിക്കുന്ന ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഏറെ കാത്തിരിക്കേണ്ടിവരും.
ചെന്നൈയിലെ പ്രളയദുരിതം 2015ലെ ഭീതിദമായ ഓര്‍മകളെ മടക്കിക്കൊണ്ടുവന്നിരിക്കുകയാണ്. നിരവധി പതിറ്റാണ്ടുകള്‍ക്കിടയിലെ കനത്ത മഴയാണ് അന്നുണ്ടായത്. മലവെള്ളത്തിന് ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ മഹാനഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. വീടുകളിലും ഫഌറ്റുകളിലും കഴിയുന്നവര്‍ ദിവസങ്ങളോളം അവിടങ്ങളില്‍ കുടുങ്ങിപ്പോയി. വീടുകളിലും റോഡുകളിലുമൊക്കെ പാര്‍ക്കു ചെയ്തിരുന്ന ആയിരക്കണക്കിന് കാറുകളും മറ്റ് വാഹനങ്ങളും ഒഴുകിപ്പോയി. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തി. തോരാതെ പെയ്ത മഴയില്‍ നിറഞ്ഞു കവിഞ്ഞ ചെമ്പാരമ്പക്കം ജലസംഭരണി അഡയാര്‍ നദിയിലേക്ക് തുറന്നുവിട്ടതോടെയാണ് ചെന്നൈ നഗരത്തില്‍ വെള്ളം കയറാന്‍ തുടങ്ങിയത്. നിമിഷങ്ങള്‍ക്കകം ഇത് വലിയ പ്രളയത്തിന്റെ രൂപമെടുത്തു. മതിയായ മുന്‍കരുതലും ജാഗ്രതാ നിര്‍ദേശവുമില്ലാതെയാണ് ഈ ജലപ്രവാഹം സൃഷ്ടിച്ചത്. ഒരു രാത്രിയോടെ അഡയാര്‍ നദിയുടെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം വെള്ളത്തിനടിയിലായി. അശാസ്ത്രീയമായ ജലസംഭരണരീതി വിമര്‍ശിക്കപ്പെട്ടു. കൂറ്റന്‍ കെട്ടിടങ്ങളുള്‍പ്പെടെ അനധികൃതമായി കെട്ടിപ്പൊക്കിയ നിര്‍മിതികള്‍ മൂലം ജലം ഒരിടത്തേക്കും ഒഴുകിപ്പോകാത്ത സ്ഥിതി വന്നു. ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞുപോയിരുന്നു. പ്രളയക്കെടുതി ചര്‍ച്ചയായപ്പോള്‍ ഇതൊക്കെ വിമര്‍ശിക്കപ്പെട്ടെങ്കിലും പിന്നീട് അത് എല്ലാവരും മറന്നു. വീണ്ടും അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു.
2015 നെ അപേക്ഷിച്ച് ഇത്തവണ മഴയുടെ തോത് കുറവാണെങ്കിലും പ്രളയക്കെടുതികള്‍ക്ക് കുറവൊന്നുമില്ല. വാഹന ഗതാഗതം അസാധ്യമായതും, വാര്‍ത്താവിനിമയ സംവിധാനം പാടെ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തെ അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിഗ്‌ജോം പോലുള്ള ചുഴലിക്കാറ്റുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് യാതൊരു കുറവുമില്ലെങ്കിലും പ്രത്യാഘാതം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരുകളില്‍നിന്ന് ഉണ്ടാവുന്നില്ല. വിവേകപൂര്‍ണമായ പെരുമാറ്റം ജനങ്ങളിലും കാണുന്നില്ല എന്നതാണ് വാസ്തവം. കാലാവസ്ഥാ വ്യതിയാനം എന്നത് ഒന്നോ രണ്ടോ ദിവസംകൊണ്ടോ വര്‍ഷങ്ങള്‍കൊണ്ടോ ഉണ്ടാകുന്നതല്ല. ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കുന്നതിന്റെ ഫലമാണിത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരുന്ന നടപടികളില്‍പ്പോലും രാഷ്‌ട്രങ്ങള്‍ക്ക് വ്യത്യസ്ത നിലപാടുകളാണുള്ളത്. വിപത്തുകള്‍ ഒരുമിച്ച് അനുഭവിക്കേണ്ടിവരുമെന്ന ചിന്തപോലും പല ഭരണാധികാരികള്‍ക്കുമില്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടുപോരുകയാണ്. ഇതു സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭ ഉള്‍പ്പെടെയുള്ള നിരവധി രാജ്യാന്തരവേദികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ഭാവാത്മക നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വികസിത രാജ്യങ്ങള്‍ ഇപ്പോഴും മടികാണിക്കുകയാണ്. ഇന്ന് ചെന്നൈ നഗരം അനുഭവിക്കുന്ന ദുരിതം നാളെ രാജ്യത്തെ മറ്റ് നഗരങ്ങളെയും കാത്തിരിക്കുന്നുണ്ട്. ഭരണാധികാരികള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുകയും, ജനങ്ങള്‍ വിവേകപൂര്‍വം പെരുമാറുകയും ചെയ്യുകയെന്നതാണ് ഇതിനൊരു പ്രതിവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: