കോട്ടയം: ക്രൈസ്തവ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കാനുമായി രൂപീകരിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
വിവരാവകാശ നിയമപ്രകാരം ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചുവരുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സമര്‍പ്പിച്ച വിവരാവകാശ അപ്പീല്‍ അപേക്ഷയില്‍ 2023 നവംബര്‍ 23ന് ലഭിച്ച മറുപടിയില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കിയിരിക്കുന്നുവെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കുമാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുവെന്നും സൂചിപ്പിക്കുന്നു.
2023 ഒക്ടോബര്‍ 10ന് സംസ്ഥാന ഭരണത്തിലെ 33 വകുപ്പുകളിലേക്ക് ജെ.ബി.കോശി കമ്മിഷന് ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കമ്മിഷന് നിര്‍ദേശങ്ങള്‍ സഹിതം ഉത്തരവ് കൈമാറി. എന്നാല്‍ ഏഴ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു വകുപ്പുകളില്‍ നിന്നുപോലും മറുപടി ലഭിച്ചിട്ടില്ല.
ജെ.ബി. കോശി കമ്മിഷന്റെ ക്രൈസ്തവക്ഷേമ പദ്ധതി നിര്‍ദേശങ്ങള്‍ മാത്രമല്ല സംസ്ഥാനത്ത് കമ്മിഷന് നടത്തിയ പഠനവും വളരെ പ്രാധാന്യമേറിയതാണ്. ഭരണസംവിധാനങ്ങള്‍ പൂര്‍ണറിപ്പോര്‍ട്ട് പുറത്തുവിടാതെ ഒളിച്ചോട്ടം നടത്തി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഭരണ ഉദ്യോഗസ്ഥ തലങ്ങളിലെ ബോധപൂര്‍വമായ അനാസ്ഥയിലും നിഷേധ സമീപനങ്ങളിലും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും അടിയന്തര ഇടപെടല്‍ നടത്തി പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: