കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി.
കുറച്ചു കോടതികളില്‍ മാത്രമാണ് ഇതുവരെ സുരക്ഷാ സജ്ജീകരണങ്ങളുള്ളതെന്ന ജില്ലാ ജുഡീഷ്യറി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി. എസ്. ഡയസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഇതു സംബന്ധിച്ച ഹര്‍ജിയില്‍ സ്വമേധയാ കക്ഷി ചേര്‍ത്താണ് ഡിവിഷന് ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
കുടുംബക്കോടതി വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികളില്‍ ജില്ലാ ജഡ്ജിമാര്‍ക്കും കോടതികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയുടെ വിശദാംശങ്ങള്‍ നല്കാന് കഴിഞ്ഞ മാര്‍ച്ചില്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഝാര്‍ഖണ്ഡില്‍ ഒരു ജഡ്ജിയെ വധിച്ച സംഭവം കണക്കിലെടുത്തു സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ കേരളത്തിലെ കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും മതിയായ സുരക്ഷ നല്‍കുമെന്ന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
പ്രവൃത്തിസമയങ്ങളില്‍ കോടതികളുടെ സുരക്ഷയ്ക്ക് മതിയായ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്ന് ഇതു സംബന്ധിച്ച് വിവിധ ജില്ലാ കോടതികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ഹൈക്കോടതി ജില്ലാ ജുഡിഷ്യറി രജിസ്ട്രാര്‍ക്ക് നി
ര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കുറച്ചു കോടതികളില്‍ മാത്രമാണ് സുരക്ഷയുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. അടുത്തിടെ സംസ്ഥാനത്തെ ചില കോടതികളിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഈ ഉത്തരവു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: