വിതുര: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഉത്തരാഖണ്ഡിലെ പാര്ധാം തീര്‍ത്ഥാടന പാതയിലെ ഉത്തരകാശിയില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിച്ച ദൗത്യത്തില്‍ പങ്ക് ചേര്‍ന്ന് ഒരു മലയാളിയും. മലയോര മേഖലയായ വിതുരയില്‍ നിന്നുള്ള രഞ്ജിത്ത് ഇസ്രയേലാണ് ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് ആളുകളെ രക്ഷിക്കുവാനുണ്ടായത്.
നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായതിന്റെ അനുഭവത്തിലാണ് ഉത്തരാഖണ്ഡിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ രഞ്ജിത് തയ്യാറായത്. കാശ്മീരിലെ സൈനിക ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേടീയ പരിശിലനമാണ് രഞ്ജിത്തിനെ നാട് മുഴുവന്‍ വേദനയിലകപ്പെട്ട ദുരന്തത്തില്‍ പങ്കാളിയാക്കിയത്.
2013 ല്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘ വിസ്ഫോടനം,2018 ലെ പ്രളയ ദുരന്തം, 2019 ല്‍ കവളപ്പാറയിലും 2020ല്‍ വെട്ടിമുടിയിലുണ്ടായ ഉരുള്‍പ്പൊട്ടലുകള്‍, ഉത്തരാഖണ്ഡിലെ തപോവല് ടണലിലെ പ്രക്യതി ദുരന്തം എന്നീ പ്രക്യതി ദുരന്തങ്ങളില്‍ രഞ്ജിത്തിന്റെ സേവനം നാടിന് ലഭിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ ഫോഴ്സിലെ അംഗമാണ് രഞ്ജിത്ത്.
സൈന്യത്തില്‍ ചേരാനായിരുന്നു രഞ്ജിത്തിന്റെ മോഹം. കമാന്റായി ജോലി ചെയ്യാനാണ് രഞ്ജിത് ആഗ്രഹിച്ചത്. പക്ഷേ 21 വയസ്സിലുണ്ടായ രോഗം ആ മോഹങ്ങളെ വഴിയാധാരമാക്കി. അങ്ങനെ സൈനികനാകാനുള്ള മോഹം അവിടെ ഉപേക്ഷിച്ചു. പഞ്ച ഗുസ്തി, ബോഡി ബില്‍ഡിംഗ്, നീന്തല്‍ എന്നിവയില്‍ കഴിവ് തെളിയിച്ചു. മൂന്ന് തവണ ജൂനിയര്‍ മിസ്റ്റര്‍ ട്രിവാന്‍ഡ്രം ആയിരുന്നു. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുവാന്‍ എന്നും താന്‍ മുന്നിലുണ്ടാകുമെന്നാണ് രഞ്ജിത് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: