കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. അധികാരം ദുര്‍വിനിയോഗിച്ചും സ്വജനപക്ഷപാതത്തിലൂടെയും കനത്ത നിയമലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നും കണ്ടെത്തിയാണ് നിയമനം അസാധുവാണെന്ന് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നത്. നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയത് ചോദ്യം ചെയ്ത് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിസിമാരുടെ പുനര്‍നിയമനത്തില്‍ യുജിസിയുടെ മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. അറുപത് വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ പാടില്ലെന്നും, പുനര്‍നിയമനത്തിനും യോഗ്യതാ മാനദണ്ഡം പാലിക്കണമെന്നും ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനം തന്നെ റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായം വന്നിരിക്കുന്നത്. കോടതികളില്‍നിന്ന് തിരിച്ചടികളുണ്ടാവുമ്പോള്‍ പതിവുപോലെ പ്രതികരണത്തിന് തയ്യാറാവാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും.
മതിയായ യോഗ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയത്. വിസിയായിരുന്ന രവീന്ദ്രന് വിരമിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് അതേ ലാവണത്തില്‍ കുടിയിരുത്തിയത്. രവീന്ദ്രന് പ്രശസ്തനായ ചരിത്രകാരനാണെന്നും, സര്‍വകലാശാലയുടെ മികവ് വര്‍ധിപ്പിക്കാനാണ് പുനര്‍നിയമനം നല്‍കുന്നതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ചരിത്രകാരനെന്ന നിലയ്ക്കുള്ള ഗോപിനാഥ് രവീന്ദ്രന്റെ മികവിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. എത്രയൊക്കെ യോഗ്യതയുണ്ടെങ്കിലും നിയമവും ചട്ടങ്ങളും മറികടന്ന് നിയമനം നല്‍കിയതിനെയാണ് ചോദ്യം ചെയതത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗോപിനാഥ് രവീന്ദ്രന്റെ രാഷ്ട്രീയാഭിമുഖ്യമാണ് അധികയോഗ്യതയായത്. സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ നിന്ന് വിസിയാവാന്‍ യോഗ്യതയുള്ളയാളെ തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. താന്‍ കണ്ണൂരുകാരനാണ് എന്നായിരുന്നുവത്രേ ഇതിന് കാരണമായി മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല ഭരിക്കേണ്ടത് സിപിഎമ്മുകാരനായിരിക്കണമെന്നും, അയാള്‍ തന്നോട് കൂറുള്ളയാളായിരിക്കണമെന്നും മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. ഗോപിനാഥ് രവീന്ദ്രന് തന്റെ പാര്‍ട്ടിക്കൂറ് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുള്ളതുമാണ്. ഒരു റബ്ബര്‍ സ്റ്റാമ്പിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥയായ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുടെ തിട്ടൂരം അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. ഭീതിയോ പ്രീതിയോ കൂടാതെ കടമ നിര്‍വഹിച്ചുകൊള്ളാമെന്ന സത്യപ്രതിജ്ഞാലംഘനമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി നടത്തിയിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവര്‍ക്ക് അവകാശമില്ല. മുഖ്യമന്ത്രി ഗവര്‍ണറോടും ജനങ്ങളോടും മാപ്പു പറയണം.
സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന നയത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ഗോപിനാഥ് രീവന്ദ്രന് പുനര്‍നിയമനം നല്‍കിക്കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ സര്‍വകലാശാലകളുടെ ഭരണം സമ്പൂര്‍ണമായിത്തന്നെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. മികവിന്റെ കേന്ദ്രങ്ങളായിരിക്കേണ്ട സര്‍വകലാശാലകളില്‍ പ്യൂണ്‍ മുതല്‍ വിസി വരെയുള്ളവരെ നിയമിക്കുന്നത് അവരുടെ രാഷ്ട്രീയാഭിമുഖ്യം നോക്കിയാണ്. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതില്‍ താന്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങാന്‍ പാടില്ലായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുറന്നുപറഞ്ഞിട്ടുണ്ട്. സര്‍വകലാശാലകളുടെ ചാന്സലറായിരുന്നുകൊണ്ട് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചായിരിക്കരുതെന്ന് സുപ്രീംകോടതി വിധി അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത് സ്വന്തം അധികാരം അടിയറവച്ചുകൊണ്ടാണെന്നും കോടതി വിമര്‍ശിച്ചിരിക്കുന്നു. ഗവര്‍ണര്‍ തന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചായിരിക്കരുതെന്നും പരമോന്നത നീതിപീഠം പറഞ്ഞിരിക്കുന്നു. ഇതൊരു ആഹ്വാനമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള അവസരമാണിത്. കലാശാലകളെ പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റി ഇടതുഫാസിസം അടിച്ചേല്‍പ്പിക്കുന്ന രീതിക്ക് അന്ത്യം വരുത്തേണ്ട പോരാട്ടം ഇവിടെ തുടങ്ങേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ കോടതിവിധി ഇതിന് കരുത്തുപകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: