തിരുവനന്തപുരം: ”ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനെ നിലവിളക്കു തെളിച്ച് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കുന്നു…” ചടങ്ങനുസരിച്ച് കൈവിളക്കുമായി ഒരു വിദ്യാര്‍ഥിയാണ് വേദിയിലേക്കു വരേണ്ടത്. വന്നത് വിദ്യാര്‍ഥി തന്നെ, പക്ഷേ വിളക്കിന് പകരം കൈയിലുള്ളത് ഒരു കുപ്പി വെള്ളം. സ്പീക്കര്‍ മാത്രമല്ല വേദിയിലും സദസിലുമുള്ളവരുമെല്ലാം അമ്പരന്നു. ഈ വിളക്കിനു പ്രത്യേകതയുണ്ടെന്നും വെള്ളമൊഴിച്ചാലേ തെളിയൂ എന്നും പിന്നാലെ അനൗണ്‍സ് ചെയ്തപ്പോള്‍ അമ്പരപ്പ് കൗതുകമായി. കുപ്പിയിലെ വെള്ളം എണ്ണ പോലെ സ്പീക്കര്‍ വിളക്കിലേക്ക് ഒഴിച്ചതും വിളക്കില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ബള്‍ബ് മിന്നിത്തെളിഞ്ഞു. വേദിയില്‍ കരഘോഷമുയര്‍ന്നു, 55-ാമത് ശാസ്ത്രോത്സവത്തിന് തുടക്കമായി.
തിരുവനന്തപുരം വാഴമുട്ടം ഹൈസ്കൂള്‍ ഫിസിക്സ് അധ്യാപകന് കെ.വി. ഷാജിയാണ് വെള്ളത്തില്‍ മിന്നുന്ന വിളക്ക് തയാറാക്കിയത്. വെള്ളത്തിലൂടെ വൈദ്യുതി കടന്നുപോകുമെന്ന തത്ത്വമാണ് അടിസ്ഥാനം.
രണ്ട് ബട്ടന് ബാറ്ററിയും എല്‍ഇഡി ബള്‍ബുകളും ഉപയോഗിച്ചുള്ള സര്‍ക്യൂട്ടില്‍ വെള്ളമാണ് സ്വിച്ച്. വെള്ളത്തിലെ സോഡിയവും മഗ്നീഷ്യവും കാത്സ്യവും ഉള്‍പ്പെടെയുള്ള ലവണങ്ങള്‍ വൈദ്യുതിയെ കടത്തി വിടും. ഇതോടെ ബള്‍ബുകള്‍ പ്രകാശിക്കും. വാഴമുട്ടം സ്കൂളിലെ ശാസ്ത്ര പോഷിണി ലാബിന്റെ ഉദ്ഘാടനത്തിന് തയാറാക്കിയതാണ് വിളക്ക്. ലാബ് ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. ഇന്നലെ സംഘാടകര്‍ ഉദ്ഘാടന വേദിയില്‍ ഒരു പരീക്ഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. അപ്പോഴാണ് ഉദ്ഘാടകന്‍ തന്നെ പരീക്ഷണത്തിന്റെ ഭാഗമാകട്ടെയെന്ന് ഷാജി നിര്‍ദേശിച്ചത്.
ശാസ്ത്രോത്സവത്തിലെ സയന്റിഫിക് ടച്ച് എന്നാണ് സ്പീക്കര്‍ വിളക്കിനെ വിശേഷിപ്പിച്ചത്. ശാസ്ത്രോത്സവം എങ്ങനെ ഉദ്ഘാടനം ചെയ്യണമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇതെന്നും സ്പീക്കര്‍ പറഞ്ഞു. 21 വര്‍ഷമായി അധ്യാപകനായ ഷാജിക്ക് 2021ലെ ഗുരുശ്രേഷ്ഠ പുരസ്കാരവും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് വിക്ടേഴ്സില്‍ പത്താം ക്ലാസിലേക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തയാറാക്കിയത് ഷാജിയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗത്ത് ഇന്ത്യന്‍ സിനിമ-ടെലിവിഷന്‍ അക്കാദമിയുടെ മികച്ച അധ്യാപക പുരസ്കാരവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: