തൃശ്ശൂര്‍: കരുവന്നൂരിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ സിപിഎം അക്കൗണ്ടും ഇ ഡി പരിശോധിക്കും. കരുവന്നൂര്‍ ബാങ്കില്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണത്തില്‍ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണ്. ജന്മഭൂമി ഇത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നോട്ടുനിരോധന കാലത്ത് ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ വലിയൊരു തുക പാര്‍ട്ടിയുടെ ഫണ്ടാണെന്നും വ്യക്തമായി. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് ഇന്ന് കൊച്ചി ഇ ഡി ഓഫീസില്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും ഹാജരാക്കണം.
അതേസമയം, സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡിക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമാനുസൃതമായാണ്. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ് പാര്‍ട്ടി ധനസമാഹരണം. ഇങ്ങനെയുള്ളതിന്റെ കണക്ക് ഇ ഡിയെ ബോധിപ്പിക്കേണ്ട. അതുകൊണ്ട് ഇന്ന് ഹാജരാകുമ്പോള്‍ കണക്കുകള്‍ നല്കണമോയെന്നതില് നിയമോപദേശത്തിനുശേഷമേ തീരുമാനിക്കൂയെന്ന് സിപിഎം പറഞ്ഞു.
സിപിഎമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളില്‍ നിന്ന് വന്‍ തുകകള്‍ കൈപ്പറ്റിയിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെയും സഹോദരന് ശ്രീജിത്തിന്റെയും അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടിയുടെ പല നേതാക്കളുടെ അക്കൗണ്ടുകളിലേക്കും ദേശാഭിമാനി അക്കൗണ്ടിലേക്കും വന്‍ തുകകള്‍ കൈമാറ്റം ചെയ്തു.
നോട്ടുനിരോധന കാലത്താണ് കരുവന്നൂര്‍ ബാങ്കില്‍ ഉള്‍പ്പെടെ വന്‍ തോതില്‍ കള്ളപ്പണം വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചത്. സോഫ്റ്റ്വെയറില് തിരിമറി നടത്തി രാവും പകലുമിരുന്നാണ് വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെടുത്തത്. പാര്‍ട്ടി ആസ്ഥാനത്തെ ലോക്കറിലെ ധനശേഖരവും ഇങ്ങനെ വെളുപ്പിച്ചെടുത്തു.
സിപിഎമ്മിന്റെ ഏറ്റവും വലിയ ഫണ്ട് ശേഖരമുള്ള ജില്ലാ കമ്മിറ്റികളില്‍ ഒന്നാണ് തൃശ്ശൂര്‍. നിലവില്‍ അക്കൗണ്ടില്‍ 10 കോടിയോളം രൂപയുണ്ട്. പാര്‍ട്ടി ഫണ്ട് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുന്‍മന്ത്രി എ.സി. മൊയ്തീന്, മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ തുടങ്ങിയവരെ വിളിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: