കൊച്ചി: കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്ബിന്ദുവിനും മുഖത്തേറ്റ അടിയാണ്. പുനര്‍നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് പറഞ്ഞാണ് നടപടി കോടതി റദ്ദാക്കിയത്.
ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍ക്ക് കത്തെഴുതിയയാളാണ് മന്ത്രി ബിന്ദു. നിയമവിരുദ്ധമായ നടപടിയാണിതെന്നാണ് കോടതിവിധിയില്‍ തെളിയുന്നത്. പുനര്‍നിയമനത്തിന് മന്ത്രി, ഗവര്‍ണറില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇക്കാര്യം അന്നു തന്നെ ഗവര്‍ണര്‍ െവളിപ്പെടുത്തിയിരുന്നു, ബിന്ദുവിന്റെ കത്ത് പുറത്തുവിട്ടിരുന്നു. നിയമനം റദ്ദാക്കിയ പരമോന്നത നീതി പീഠം ഇക്കാര്യം വളരെയേറെ ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ആര്. ബിന്ദു മന്ത്രി സ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികവും നിയമത്തിന് നിരക്കാത്തതുമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. നിയമവിദഗ്ധരും പ്രതിപക്ഷ നേതാക്കളും എല്ലാം ബിന്ദു രാജിവയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. തന്റെ നാട്ടിലെ ആവശ്യമെന്ന നിലയ്ക്ക് പുനര്‍നിയമനം തേടി മുഖ്യമന്ത്രി തന്നെ സമീപിച്ചിരുന്നതായും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. ‘മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ വന്നു. കണ്ണൂര്‍ വിസി നിയമക്കാര്യം പറഞ്ഞു. തന്റെ ജന്മനാട്ടിലെ വിഷയമാണെന്നാണ് പറഞ്ഞത്.’ അന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഇക്കാര്യം വെളിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അപഹസിക്കുകയാണ് ചെയ്തത്. ബാഹ്യ ഇടപെടലുണ്ടായി എന്ന് കോടതി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുമ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇടപെടലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് മുഖ്യമന്ത്രിക്ക് വലിയ തിരിച്ചടി തന്നെയാണ്. വിഷയം പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ സമീപനമാണ് കൈക്കൊണ്ടത്. അത് അന്ന് സര്‍ക്കാരിന് ആശ്വാസമായി. അന്ന് സര്‍ക്കാര്‍ അനുകൂല വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ നിയമനം ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്റെ നിയമനവും കോടതി വിധിയോടെ വീണ്ടും ചര്‍ച്ചയാകുകയാണ്. വേണ്ടത്ര യോഗ്യതയില്ലാതിരുന്നിട്ടും പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് ഇടപെട്ടാണ്. ഇതിന്റെ പ്രത്യുപകരമായിട്ടാണ്, അദ്ദേഹത്തിന് വിസിയായി പുനര്‍നിയമനം ലഭിച്ചതെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: