ന്യൂദല്‍ഹി : 2047 ഓടെ ഭാരതം വികസിത രാഷ്ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത് ഭാരത് സങ്കല്പ് യാത്ര എന്ന ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വികസന- ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ പദ്ധതികള്‍ സമയബന്ധിതമായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയാണ് വികസിത് ഭാരത് സങ്കല്പ് യാത്ര ലക്ഷ്യം.
വികസിത് ഭാരത് സങ്കല്പ് യാത്രയുടെ വിജയം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെത്തുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര വാഹനങ്ങളെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിനെ മോദിയുടെ ഗ്യാരന്റി വാഹനം എന്നാണ് വിളിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ വാഹനങ്ങള്‍ 12,000 പഞ്ചായത്തുകള്‍ സഞ്ചരിച്ച് രാജ്യത്തുടനീളമുള്ള 30 ലക്ഷം ആളുകളിലേക്ക് ഇതുവരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത് ഭാരത് സങ്കല്പ് യാത്ര ഈ മാസം 15 ന് ജാര്‍ഖണ്ഡില്‍ നിന്ന് ആരംഭിച്ചതായും സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ഇതുവരെ ലഭിക്കാത്തവരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിന്റെ പ്രമേയം സ്ത്രീശക്തി, യുവശക്തി, കര്‍ഷകര്‍, പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നാല് അമൃത് സ്തംഭങ്ങളിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും യുവജനങ്ങളുടെയും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനം രാജ്യത്തെ വികസിതമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷങ്ങളെ അവഗണിക്കുകയും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: