മുംബൈ: മുംബൈയില്‍ വീട്ടുമുറ്റത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരന് വിവേക് കോറിയെ, അന്വേഷണമാരംഭിച്ച് ഒന്നര മണിക്കൂറിനുള്ളില്‍ കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിലെ ബോംബ് ഡിസ്പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്ക്വാഡ് അംഗമായ ലിയോ എന്ന ഡോബര്മാന് ഇനത്തില്‍പ്പെട്ട നായയാണ് ഇവിടെ നായകന്. കുട്ടിയുടെ വീടിന്റെ അര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് ലിയോ കുട്ടിയെ കണ്ടെത്തിയത്.
അന്ധേരി ഈസ്റ്റിലെ അശോക് നഗര്‍ ചേരിപ്രദേശത്താണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിവേകിനെ രാത്രി എട്ടോടെയാണ് കാണാതായത്. ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അച്ഛനും അമ്മയും അറിയുന്നത്. രക്ഷിതാക്കള്‍ പൊവായ് പോലീസില്‍ പരാതി നല്കി.
അശോക് നഗര്‍ ഒരു ചേരിയായതിനാല്‍ സിസിടിവി കാമറകളൊന്നും ഇവിടെയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിനായി ലിയോയെ എത്തിച്ചത്. കുട്ടി ധരിച്ചിരുന്ന ടീഷര്‍ട്ടിന്റെ മണം പിടിച്ചാണ് ലിയോ അന്വേഷണം ആരംഭിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ ലിയോ കുട്ടിയെ കണ്ടെത്തി. ഒരു അങ്കിളാണ് തന്നെ കൊണ്ടു പോയതെന്ന് മാത്രമാണ് കുട്ടി പറഞ്ഞത്. സംസാര ശേഷിക്ക് തകരാറുള്ളതിനാല്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ വിവേകിനായില്ല.
അന്വേഷണത്തിന് ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാരെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: