കൊച്ചി: ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ ബ്ലാസ്റ്റേസും ചെന്നൈയിന് എഫ്സിയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ഒരു ഘട്ടത്തില്‍ 3-1ന് പിന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. ബ്ലാസ്റ്റേഴ്സിനായി സൂപ്പര്‍ താരം ദിമിത്രി ഡയമന്റകോസ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം പെപ്രയും സ്വന്തമാക്കി. ചെന്നൈയിന് എഫ്സിക്കുവേണ്ടി ജോര്‍ദാന്‍ മുറെ രണ്ടും റഹിം അലി ഒരു ഗോളും നേടി. കളി തുടങ്ങി 24 മിനിറ്റ് പിന്നിട്ടപ്പോഴേക്കും 3 – 1 ന് പിന്നിലായ ബ്ലാസ്റ്റേഴ്സ് പിന്നീട് ഉജ്ജ്വലമായി തിരിച്ചടിച്ചാണ് സമനില പിടിച്ചത്. സമനിലയായെങ്കിലും എട്ട് കളികളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
കഴിഞ്ഞ കളിയില്‍ ഇറങ്ങിയ ഇലവനില്‍ മൂന്ന് മാറ്റങ്ങളുമായാണ്വാ ഇവാന് വുക്കോമാനോവിച്ച് ഇന്നലെ ബ്ലാസ്റ്റഴ്സിനെ അണിനിരത്തിയത്. മുഹമ്മദ് ഐമന്, പ്രീതം കോട്ടാല്‍, ഡെയ്സുകെ സകായ് എന്നിവര്‍ക്ക് പകരം കെ.പി.രാഹുല്‍, പ്രബീര്‍ദാസ്, ഡയമന്റകോസ് എന്നിവര്‍ ഇറങ്ങി. കളി തുടങ്ങി ഒരു മിനിറ്റ് ആകുന്നതിന് മുന്‍പേ ബ്ലാസ്റ്റേഴ്സിസിനെ ഞെട്ടിച്ച് ചെന്നൈയിന് എഫ്സി ലീഡ് നേടി. അവര്‍ക്ക് ലഭിച്ച ഫ്രീ കിക്കിനൊടുവിലാണ് ഗോള്‍ വീണത്.
റാഫേല്‍ ക്രിവെല്ലാറോ എടുത്ത ഫ്രീ കിക്ക് ബോക്സിനുള്ളില്‍ നിന്ന് റഹീം അലി ബാക്ക് ഹീലുകൊണ്ട് വലയിലേക്ക് തട്ടിയിട്ടത് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന് സുരേഷിനെ കീഴടക്കി വലയില്‍ കയറി. പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. പത്താം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ക്വാമി പെപ്രയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി. കിക്കെടുത്ത ഡയമന്റകോസിന് പിഴച്ചില്ല. താരത്തിന്റെ ഇടംകാല് ഷോട്ട് ചെന്നൈയിന് ഗോളി ദേബ്ജിത് മജുംദാറിന് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. സമനില ഗോള്‍ നേടിയ ആഹ്ലാദത്തിന് മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പതിമൂന്നാം മിനിറ്റില്‍ ചെന്നൈയിന് പെനാല്‍റ്റി ലഭിച്ചു.
നവോച്ച സിങ് ബോക്സിസിനുള്ളില് റാഫേല്‍ ക്രിവെല്ലാറോ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. ജോര്‍ദാന്‍ മുറെ എടുത്ത സ്പോട്ട് കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന് സുരേഷിനെ കീഴടക്കി. ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വല മൂന്നാം തവണയും കുലുങ്ങി. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബോക്സിനു തൊട്ടുപുറത്തുനിന്ന് ജോര്‍ദാന്‍ മുറെ പായിച്ച നല്ലൊരു ഷോട്ടാണ് വലയില്‍ കയറിയത്. 1-3 ന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു. തുടര്‍ച്ചയായി ചെന്നൈയിന് പ്രതിരോധത്തെ പരീക്ഷിച്ചു. മുപ്പത്തിയെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടി മടക്കി. ലൂണയുടെ പാസ് സ്വീകരിച്ച് ക്വാമെ പെപ്രെ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ചെന്നൈയിന് വലയില്‍ തറച്ചു കയറി. തുടര്‍ന്നും മികച്ച കളി പുറത്തെടുത്തെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഇതോടെ 3-2ന്റെ ലീഡുമായി ചെന്നൈയിന് എഫ്സി ഇടവേളയ്ക്ക് പിരിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി ചെന്നൈയിന് ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. തുടര്‍ച്ചയായ മുന്നേറ്റള്ക്കൊടുവില് അന്‍പത്തിയെട്ടാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍ പിറന്നു. ഡാനിഷ് ഫാറൂഖ് നല്കിയ പാസ് സ്വീകരിച്ച ശേഷം ബോക്സിന് തൊട്ടുപുറത്തു നിന്ന് ദിമിത്രി ഡയമന്റകോസ് തൊടുത്ത കിടിലന്‍ ഇടം കാലന് ഷോട്ട് മുഴുനീളെ പറന്ന ചെന്നൈയിന് ഗോളിയെ കീഴടക്കി വലയില്‍ തറച്ചു കയറി. അറുപത്തിരണ്ടാം മിനിറ്റില്‍ പ്രബിര്ദാസിനെ പിന്‍വലിച്ച് പ്രീതം കോട്ടാലിനെയും കെ.പി. രാഹുലിന് പകരം മുഹമ്മദ് അയ്മനെയും ബ്ലാസ്റ്റേഴ്സ് കോച്ച് കളത്തിലിറക്കി.അധികം കഴിയും മുന്‍പേ പെപ്രയുടെ ഷോട്ട് ചെന്നൈയിന് പ്രതിരോധനിര താരം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ പെപ്ര ബോക്സിലേക്ക് നല്കിയ പാസ് കണക്ട് ചെയ്യാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് കഴിഞ്ഞതുമില്ല.
പിന്നാലെ ഹോര്‍മിപാമിന് പകരം ലെസ്കോവിച്ചും പെപ്രയ്ക്ക് പകരം ഇഷാന് പണ്ഡിതയും ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. എഴുപത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ലൂണയുടെ ശ്രമം നേരിയ വ്യത്യാസത്തിന് പുറത്തു പോയി. തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും പിന്നീട് വല കുലുങ്ങാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ഡിസംബര്‍ 3ന് എവേ മത്സരത്തില്‍ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: