ആലപ്പുഴ: കൊല്ലം ഓയുരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരി അബിഗേലിനെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുകിട്ടിയതില്‍ നാട് സന്തോഷിക്കുമ്പോള്‍ ഏഴു വയസുകാരനായ മകനെ ഒന്നു കാണാനായി അമ്മയുടെ കാത്തിരിപ്പ് 18 വര്‍ഷം പിന്നിട്ടു.
2005 മേയ് 18നാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു, മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്. വീടിനു സമീപത്തെ പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ വീട്ടില്‍ വെള്ളംകുടിക്കാനെന്ന് പറഞ്ഞ് പോയ രാഹുല്‍ അപ്രത്യക്ഷമാകുകയായിരുന്നു.
പോലീസും, ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മുത്തച്ഛന് ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സിജെഎം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. കേസില്‍ 25 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.
രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ചെന്നൈ, മുംബൈ, കൊച്ചി എന്നീ മൂന്നു യൂണിറ്റുകളില്‍നിന്നാണു കേസന്വേഷിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട് 35 പേരെ ഇവര്‍ ചോദ്യം ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതല്ലാതെ പുതുതായൊന്നും പറയാന്‍ സിബിഐക്കും ഉണ്ടായിരുന്നില്ല.
ഏട്ടു വര്‍ഷം മുമ്പ് രാഹുലിനെ കുറിച്ചുളള അന്വേഷണം സിബിഐ അവസാനിപ്പിച്ചു. കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് കൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എറണാകുളം സിജെഎം കോടതിയെ സിബിഐ അറിയിച്ചു. ഇതിനിടെ രാഹുലിനെ കൊന്നത് താനാണെന്നു പറഞ്ഞ് കൃഷ്ണപിള്ള എന്നൊരാള്‍ രംഗത്തെത്തി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് പ്രതി ഈ വാദം ഉന്നയിച്ചത്. രാഹുലിനെ താനാണ് കൊന്നതെന്നും മൃതദേഹം പരിസരത്തെ കാട്ടില്‍ കുഴിച്ചിട്ടെന്നുമായിരുന്നു അവകാശ വാദം. എന്നാല്‍ ഇയാള്‍ പറഞ്ഞ പ്രദേശം മുഴുവന്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
മകനെ കാണാതായതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ രാജു ജീവനൊടുക്കി. പേരക്കുട്ടിയെ കണ്ടു കിട്ടാനായി നിയമപോരാട്ടം നടത്തിയ മുത്തച്ഛന് ശിവരാമ പണിക്കരും അന്തരിച്ചു. ചേട്ടനെ ഒരുനോക്കുപോലും കണ്ടിട്ടില്ലാത്ത രാഹുലിന്റെ സഹോദരി ശിവാനിയും, അമ്മ മിനിയും അവന് എന്നെങ്കിലും വീടിന്റെ പടിവാതില്‍ കടന്നെത്തുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: