കൊച്ചി: കളമശേരി കുസാറ്റില്‍ ടെക്ക്ഫെസ്റ്റിനിടെ നാലു പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലീസിനും സര്‍വകലാശാലയ്ക്കും സംഘാടകര്‍ക്കും വീഴ്ചകള്‍ ഏറെ. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കുസാറ്റ് കാമ്പസില്‍ നടന്നത്.
കുസാറ്റിന് വിളിപ്പാടകലെയാണ് ആഴ്ചകള്‍ മുന്‍പ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ബോംബ് സ്ഫോടനമുണ്ടായതും ആറു പേര് മരിച്ചതും. തുടര്‍ന്ന് ഏതാനും ദിവസം ആള്‍ക്കൂട്ടമുള്ള പരിപാടികളില്‍ കളമശേരി പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച ദേശീയ സെലിബ്രിറ്റി പാട്ടുകാരിയായ നിഖിതാ ഗാന്ധി പങ്കെടുക്കുന്ന പരിപാടി കുസാറ്റില്‍ നടക്കുമെന്നറിഞ്ഞിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല. കുസാറ്റില്‍ നിന്ന് ഔദ്യോഗികമായി അറിയിച്ചില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സ്പെഷല്‍ ബ്രാഞ്ചിലൂടെ ഇക്കാര്യം കാലേക്കൂട്ടി അറിയുവാനുള്ള സംവിധാനം പോലീസിനുണ്ട്. അറിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല എന്നു സാരം.
തുടര്‍ച്ചയായി വിദ്യാര്‍ഥി സംഘര്‍ഷവും സംഘട്ടനവും നടക്കുന്ന സ്ഥലമാണ് കുസാറ്റ് കാമ്പസ്. ഇങ്ങനെയുള്ള സ്ഥത്ത് പ്രശസ്ത ഗായികയുടെ സംഗീതനിശ നടക്കുമ്പോള്‍ പ്രത്യേകം ക്ഷണിച്ചിട്ടു വേണമോ പോലീസ് സുരക്ഷയൊരുക്കേണ്ടതെന്ന ചോദ്യവും ബാക്കിയാകുന്നു. നാലു പേര് മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി ജന്മഭൂമിക്കു വിവരം ലഭിച്ചു.
ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കുസാറ്റ് അധികൃതര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. എസ്എഫ്ഐയുടെ സര്‍വാധിപത്യത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ക്കോ അധ്യാപകര്‍ക്കോ കാര്യമായ റോള്‍ ഉണ്ടായിരുന്നില്ല. കുസാറ്റില്‍ നടക്കുന്ന കലാപരിപാടികളില്‍ സമീപ കാമ്പസിലെ വിദ്യാര്‍ഥികളും തദ്ദേശവാസികളും പങ്കെടുക്കാറുണ്ടെന്നു വൈസ് ചാന്‍സലര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ആയിരങ്ങള്‍ തിങ്ങിക്കൂടാവുന്ന സംഗീതനിശയില്‍ സുരക്ഷാ മുന്‍കരുതലായി പോലീസിനെ അറിയിക്കാനും അധ്യാപകരുടെ മേല്‍നോട്ടം ഏര്‍പ്പെടുത്താനും സര്‍വകലാശാല ശ്രദ്ധവച്ചില്ല.
ഗാനമേളയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നതാണ്. എന്നാല്‍, ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി നൂറുകണക്കിന് പേര് ഗേറ്റിനു പുറത്തു കാത്തുനില്ക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ പോലും പോലീസ് സഹായം തേടാന്‍ അധികൃതര്‍ തയാറായില്ല.
സമയക്രമം പാലിച്ച് കുട്ടികളെ കയറ്റിവിടുന്നതില്‍ സംഘാടകര്‍ക്കും പാളിച്ച സംഭവിച്ചു. അതും തിരക്കിന് വഴിവച്ചു. അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നെങ്കിലും അവരെ മാറ്റിനിര്‍ത്തി വിദ്യാര്‍ഥികള്‍ സകലനിയന്ത്രണവും ഏറ്റെടുത്തു. തിരക്ക് നിയന്ത്രണം സംബന്ധിച്ച് നിലവിലുളള ‘ക്രൗഡ് മാനേജ്മെന്റ്’ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരും ശ്രദ്ധിച്ചില്ല. സംഘാടകരും പരിപാടിയുടെ ലഹരിയിലായിരുന്നു എന്ന് സംഘാടകസമിതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ തന്നെ ജന്മഭൂമിയോടു പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം സംബന്ധിച്ച് സാധാരണ പ്രവര്‍ത്തന പ്രക്രിയ (എസ്ഒപി) ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു. എന്നാല്‍ മേളകളിലും സമ്മേളനങ്ങളിലും ഇതു പാലിക്കാറേയില്ല.
കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്മെന്റ് സ്പെഷലിസ്റ്റ് അഞ്ജലിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് നിര്‍ദേശിച്ചു.
നാലുപേരും ശ്വാസംമുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിനും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന 24 പേരെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ കളമശേരി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. 10 പേര് ആശുപത്രിയില്‍ തുടരും. ഐസിയുവില്‍ കഴിയുന്ന മൂന്നു പേരുടെയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: