കുത്താട്ടുകുളം: ടെക് ഫെസ്റ്റിനോടനുബന്ധിച്ചു കുസാറ്റിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ടാം വര്‍ഷ സിവില്‍ എന്‍ജീനിയറിങ് വിദ്യാര്‍ഥി അതുല്‍ തമ്പിക്ക് നാട് നിറകണ്ണുകളോടെ വിടനല്‍കി. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ.എം. തമ്പിയും ലില്ലിയുമാണ് മാതാപിതാക്കള്‍.
മൃതദേഹം ഇന്നലെ ഉച്ചയോടെ ഭവനത്തില്‍ എത്തിച്ചതോടെ ദുഃഖം അണപൊട്ടി. സഹപാഠികളും അധ്യാപകരും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചു. ബന്ധുക്കളുടെ വിലാപം കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു.
ഫെസ്റ്റിനുശേഷം ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തുമെന്ന് അതുല്‍ അറിയിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അച്ഛന് യാത്രചെയ്യാനായി വാഹനം വാങ്ങുന്ന ആലോചനയിലായിരുന്നു കുടുംബം. ഇന്ന് അതിനായി പോകാനിരിക്കെയാണ് അപ്രതീക്ഷിതമായി അതുല്‍ നിത്യയാത്രയായത്.
രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വടകര സെ. ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചു. ഏക സഹോദരന് അജില്‍ തമ്പി കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: