നിഷ്ഠാവാനായ സ്വയംസേവകനും സത്യസന്ധനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനുമായിരുന്നു കഴിഞ്ഞ ദിവസം പൂനെയില്‍ അന്തരിച്ച എം. ശശിഭൂഷണമേനോന്‍. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ അദ്ദേഹം സംഘശാഖയില്‍ പോയിരുന്നു. ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേങ്കിഡിയുമായുള്ള സമ്പര്‍ക്കം നല്ലൊരു സ്വയംസേവകനെ വാര്‍ത്തെടുത്തു. ബിഎംഎസ് നേതാവും ഐഎല്‍ഒ മെമ്പറുമൊക്കെയായിരുന്ന രാ. വേണുവേട്ടന് സ്വന്തം ജ്യേഷ്ഠസഹോദരനാണ്. ഠേങ്കിഡി, ശശിഭൂഷണമേനോന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
കേരള സര്‍ക്കാര്‍ സര്‍വീസില്‍ ബിഡിഒയായി ്രപവര്‍ത്തനം ആരംഭിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ കൃഷിവകുപ്പില്‍ ഉന്നതസ്ഥാനത്ത് എത്തിയത് കര്‍മ്മശേഷിയും സത്യസന്ധതയും കൊണ്ടായിരുന്നു. റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം കിസാന്‍ സംഘിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. സംസ്ഥാന അധ്യക്ഷനായി നിശ്ചയിക്കുന്ന സമയത്ത് കേന്ദ്രകമ്മിറ്റിയില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ ഉന്നതപദവിയില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനാ ചുമതലയില്‍ വന്നാല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി സമ്പര്‍ക്കം നടക്കുകയില്ല എന്നതായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍ ഈ വിഷയം ഠേങ്കിഡിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ”ശശിയെ നിശ്ചയിക്കുന്നതില്‍ ഈ മാനദണ്ഡം ബാധകമല്ല. അദ്ദേഹം ഉത്തമ സ്വയംകേവകനാണ്” എന്നായിരുന്നു.
പാലക്കാട് താമസം തുടങ്ങിയശേഷം എം.എസ്. മേനോന് എല്ലാ സംഘപരിപാടികളിലും ഗണവേഷത്തില്തന്നെ പങ്കെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ വീട് സം ഘവീടായിരുന്നു. വളരെയധികം സംഘ കാര്യകര്‍ത്താക്കള്‍ അവിടെ താമസിച്ചിരുന്നു. സഹധര്‍മ്മിണി വളരെയധികം സന്തോഷത്തോടെതന്നെയാണ് ഇതിനുവേണ്ട കാര്യങ്ങള്‍ ഏറ്റെടുത്തിരുന്നത്. സ്വന്തം പണം ചെലവഴിച്ചുകൊണ്ടായിരുന്നു പരിപാടികളിലെല്ലാം മേനോന്‍സാര്‍ പങ്കെടുത്തിരുന്നത്. മാത്രമല്ല, വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഗുരുദക്ഷിണപോലെ ഒരു സംഖ്യ കിസാന്‍ സംഘിന്റെ പ്രചാരകനായ സി.എച്ച്. രമേഷ്ജിയെ ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഏതു കാര്യം ചിന്തിക്കുമ്പോഴും സംഘകാര്യവുമായി യോജിക്കുന്ന വിധത്തില്‍ മാത്രമേ ചെയ്യുമായിരുന്നുള്ളൂ. എണ്‍പതാം പിറന്നാള്‍ ആഘോഷം സംഘം നടത്തുന്ന ബാലസദനത്തില്‍ ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.
ഔദ്യോഗിക പദവിയിലുടനീളം പൂര്‍ണമായും സത്യസന്ധതയോടും കഠിനാധ്വാനത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. ആ പദവി ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ല. ഒരിക്കല്‍ മേനോന്‍സാറുമായി ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയെ കാണുവാന്‍ പോയിരുന്നു. പഞ്ചായത്ത് തല കാര്‍ഷിക വികസന സമിതികളില്‍ കിസാന്‍സംഘിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയിക്കേണ്ട വിഷയമാണെങ്കിലും ‘ശശരിസാറിനെ’പ്പോലുള്ളവര് പറയുന്ന ഒരു കാര്യം തീര്‍ത്തും ന്യായമായിരിക്കുമെന്നതിനാല് എന്റെ റിസ്കില്‍ ഇത് ചെയ്യാമെന്ന് പറയുകയുണ്ടായി. ചീഫ് സെക്രട്ടറിക്കുപോലും ഇത്രയും വിശ്വാസമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
നിലമേല്‍ എന്‍എസ്എസ് കോളജില്‍ കൊലചെയ്യപ്പെട്ട ദുര്ഗ്ഗാദാസന് അദ്ദേഹത്തിന്റെ സഹോദരീപുത്രനും സംഘപ്രചാരകനുമായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ ഭരതന് തമ്പുരാനായിരുന്നു സഹോദരീഭര്‍ത്താവ്. മാധവ്ജിയുമായും അടുത്ത കുടുംബബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സംഘ കുടുംബത്തിനുതന്നെ തീരാനഷ്ടമാണ്.
(ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: