കൂത്താട്ടുകുളം: കോഴി വില ഇടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സീസണില്‍ 160 രൂപ വരെ ഉണ്ടായിരുന്ന കോഴിയുടെ വില 90 രൂപ യിലേക്ക് താണു. 105 രൂപ ഒരു കിലോ കോഴിക്ക് ഉല്പാദനച്ചെലവ് വരുമ്പോള്‍ 89 രൂപ മുതല്‍ 90 രൂപ വരെയാണ് പലയിടങ്ങളിലായി ചില്ലറവില്പന നടത്തുന്നത്. എന്നാല്‍ കര്ഷകന് കിട്ടുന്നത് വെറും 58 രൂപ മുതല്‍ 60 രൂപ വരെമാത്രമാണ്. കോഴി കൊണ്ടുപോകുന്ന ഇടനിലക്കാരും ചില്ലറ വ്യാപാരികളും ആണ് ഇതിന്റെ ലാഭം കൊയ്യുന്നത് .
ഇടനിലക്കാര്‍ കിലോയ്ക്ക് 10 രൂപ മുതല്‍ 12 വരെയും ചില്ലറ വ്യാപാരികള്‍ 20 രൂപ മുതല്‍ 25 രൂപവരെ ലാഭം കൊയ്യുമ്പോള്‍ 40 ദിവസം തീറ്റ കൊടുത്ത് കോഴിയെ വളര്‍ത്തുന്ന കര്ഷകന് നഷ്ടം കിലോയ്ക്ക് 45 രൂപയാണ്. കച്ചവടക്കാരാകട്ടെ ഒരുദിവസം കൊണ്ട് വന്‍ ലാഭം കൊയ്യുന്നു. വന്‍കിട കോഴിവ്യവസായികളില് നിന്നും വളര്ത്തുകുഞ്ഞ്, തീറ്റ എന്നിവവന് വിലയ്ക്ക് വാങ്ങി വളര്‍ത്തി വിറ്റാണ് കര്‍ഷകര്‍ ജീവിതം കഴിക്കുന്നത്.
1000 കോഴിവളര്‍ത്തുന്ന ഒരു കര്ഷകന് 40 ദിവസത്തിനുള്ളില്‍ 90,000രൂപയാണ് ഇത്തരത്തില്‍ ഇപ്പോള്‍ നഷ്ടപ്പെടുന്നത്. 40 ദിവസം മുമ്പ് 45 രൂപ മുതല്‍ 52 രൂപ വരെ മുടക്കി വാങ്ങി വളര്‍ത്തിയ കോഴി കുഞ്ഞുങ്ങള്‍ ആണ് ഇപ്പോള്‍ ഈ തുച്ഛവിലക്ക് വില്‍ക്കുന്നത്.
ക്രിസ്തുമസ്, ഈസ്റ്റര്‍, ഓണം, വിവാഹ സീസണ് തുടങ്ങിയ സമയങ്ങളില്‍ വിലകിട്ടും എന്നുള്ളത് കൊണ്ട് നേരത്തെ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാന്‍ ആകുമായിരുന്നു. എന്നാല്‍ വന്‍ വ്യവസായികള്‍ ഈ മേഖലയിലേക്ക് കടന്നുവരികയും പേരന്റ് സ്റ്റോക്ക്, ഹാച്ചറി, ഫീഡ് ഫാക്ടറി തുടങ്ങിയവ സ്വന്തമായി വളര്‍ത്തല്‍ എന്നിവ തുടങ്ങിയതിനാല്‍ ഉല്പാദന ചെലവില്‍ വളരെ കുറവ് വരുകയും കൂട്ടായി ഇവര്‍ മാര്‍ക്കറ്റില്‍ വിലകുറച്ച് ഇറച്ചിക്കോഴികളെ വില്‍ക്കുകയും ചെയ്യുന്നു.
ജി എസ്ടി യുടെ വരവോടെ അന്യസംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഉല്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കേരളത്തിലേക്ക് എത്തിച്ച് വിലകുറച്ചു വില്‍ക്കുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുന്നു.
എറണാകുളം ജില്ലയില്‍ ആയിരത്തിലധികം യഥാര്‍ഥ കര്‍ഷ കര് നഷ്ടം സഹിക്കാന്‍ ആകാതെ കഷ്ടപ്പെടുകയും പലരും ഈ മേഖലയില്‍ നിന്നും പിന്‍വലിഞ്ഞു കൊണ്ടിരിക്കുകയുമാണ്. ആയിരം മുതല്‍ പതിനായിരം വരെ ഇറച്ചിക്കോഴികളെ വളര്‍ത്തുന്ന സാധാരണ കര്‍ഷകര്‍ ഇന്ന് വന്‍ കടക്കണിയിലാണ് . ബാങ്കുകളില്‍ നിന്നും വന്‍ തുക വായ്പയെടുത്തു കൂടുകെട്ടി ജീവിതമാര്‍ഗം തുടങ്ങിയ ഇറച്ചിക്കോഴി വളര്‍ത്തല്‍ കൃഷിക്കാര്‍ ഇന്ന് ജപ്തി ഭീഷണിയിലാണ്. പല കൃഷിക്കാരും തിരിച്ചു കയറാന്‍ ആകാത്ത വിധം തകര്‍ന്നു കഴിഞ്ഞു. വ്യവസായ വകുപ്പില്‍ നിന്നും കോഴി കര്‍ഷകരെ കൃഷി വിഭാഗത്തിലേക്ക് മാറ്റിയാല്‍ മാത്രമേ എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഇതിനെതിരെ പ്രതികരിക്കാന്‍ ശക്തമായ സംഘടനകള്‍ കൃഷിക്കാരന് ഇല്ലാത്തതിനാല്‍ പലപ്പോഴും ഇത് വനരോദനങ്ങള്‍ ആയിമാറുകയാണ്. കേരള പൗള്‍ട്രി കോര്പ്പറേഷന്, എം പി ഐ , കേരള ചിക്കന്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും യഥാര്‍ഥ കര്ഷകന് പ്രയോജനപ്പെടുന്നില്ല.
കേരള പൗള്‍ട്രി കോര്പ്പറേഷന് കുഞ്ഞും തീറ്റിയും കര്‍ഷകര്‍ക്ക് നല്കി കോഴി തിരിച്ചെടുത്ത് വില്പന നടത്താന്‍ വേണ്ടവിധം കഴിയുന്നില്ല. എം പി ഐ ഇപ്പോഴും കുത്തകകളില്‍നിന്നാണ് കോഴി വാങ്ങുന്നത്. തൊട്ടടുത്തു വളര്‍ത്തുന്ന കോഴി കര്‍ഷകരില്‍ നിന്ന് വാങ്ങാറില്ല.
കൊട്ടിഘോഷിച്ചു തുടങ്ങിയ കേരള ചിക്കന്‍ ആകട്ടെ സബ്സിഡി പോലും കിട്ടാത്ത അവസ്ഥയിലാണ്. അല്‍ഫാം, മന്തി തുടങ്ങിയ വിഭവങ്ങള്‍ക്ക് ആവശ്യം കൂടുതലായതിനാല്‍ 2 മുതല്‍ 2.5കിലോ വരെ തൂക്കത്തില്‍ വില്പന നടത്തിയിരുന്നത് ഇന്ന് 1.500 മുതല്‍ 1.700ഗ്രാം. വരെയുള്ള തൂക്കം കോഴികളെ പിടിച്ച് വില്‍ക്കേണ്ട അവസ്ഥയിലാണ് കര്ഷകന്.
സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഈ കാര്യത്തില്‍ ഇടപെട്ട് പന്നി, പോത്ത്, മറ്റ് ഇറച്ചികള്‍ പോലെ തന്നെ കോഴിയിറച്ചിയിലും വില സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കര്‍ഷകരെ ഉള്‍പെടുത്തി ഹാച്ചറി , തീറ്റ നിര്‍മ്മാണം, പേരന്റ് സ്റ്റോക്ക് എന്നിവ സഹിതം ഉള്‍പെടുത്തി സംസ്ഥാനതലത്തില്‍ ഒരു സഹകരണ സ്ഥാപനം തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: