വിവാദങ്ങളെ ആര്‍ജവത്തോടെയാണ് ജസ്റ്റീസ് എം. ഫാത്തിമ ബീവി നേരിട്ടത്. 1997ല്‍ തമിഴ്നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയാണ് ഫാത്തിമാ ബീവിയെ ഗവര്‍ണറായി നിയമിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചത്. അതേ കരുണാനിധിയുമായുള്ള അസ്വാരസ്യം തന്നെയാണ് ഗവര്‍ണര്‍ പദവി രാജിവെയ്ക്കാനും കാരണമായത്.
ഗവര്‍ണര്‍പദവിയില്‍ എത്തിക്കുന്നതില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയും കരുണാനിധിയും ഏകാഭിപ്രായക്കാരായിരുന്നു. മാത്രമല്ല, തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികള്‍ക്കൊന്നുംതന്നെ നിയമനത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. 2001 ലെ ജയലളിത സര്‍ക്കാരിന്റെ ആദ്യ ഘട്ടം. മത്സരിക്കാന്‍ അയോഗ്യത കല്പിക്കപ്പെട്ട ജയലളിതയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചത് മുതല്‍ വിവാദപ്പെരുമഴ. 1997 ജനുവരി 25നാണ് ഫാത്തിമാ ബീവി തമിഴ്നാട്ടില്‍ ഗവര്‍ണറായി ചുമതലയേറ്റത്. അന്ന് മുതല്‍ രാജ്യത്തുടനീളം ശ്രദ്ധേയമായിരുന്നു.2001 ജൂണ്‍ 30ന് പുലര്‍ച്ചെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആര്.ബാലുവും ചെന്നൈയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ടാണ് പിന്നീട് വിവാദമായത്. സംഭവത്തില്‍ നിലപാട് തിരുത്താന്‍ സമ്മര്ദ്ദമുണ്ടായെങ്കിലും തീരുമാനം മാറ്റാന്‍ അവര്‍ തയ്യാറായില്ല. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതിനെത്തുടര്‍ന്ന് ഫാത്തിമാ ബീവി ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റീസായി 1989-ല്‍ സുപ്രീംകോടതിയില്‍ നിയമിതയായ ജസ്റ്റിസ് ഫാത്തിമാ ബീവി പത്തനംതിട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി 1927 ഏപ്രില്‍ 30നാണ് ജനിച്ചത്. പത്തനംതിട്ട ടൗണ്‍ എല്‍പിഎസ്, കാതോലിക്കേറ്റ് ഹൈസ്കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍നിന്ന് നിയമബിരുദം. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്ത ഫാത്തിമ ബീവി കൊല്ലം ജില്ലാ കോടതിയിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പ്രഗത്ഭരായ അഭിഭാഷകരുടെ കീഴില്‍ ജോലി ആരംഭിച്ച അവര്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ പല കേസുകളിലും നടത്തി.
1958ല്‍ മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍. മുസ്ലിം വിഭാഗത്തില്‍ നിന്ന് മുന്‍സിഫായി നിയമിതയാകുന്ന ആദ്യ വനിത. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി. ഇന്‍കം ടാക്സ് ട്രിബ്യൂണലിലെ ആദ്യ വനിത അംഗമായി. 1983 ആഗസ്ത് നാലിന് ഹൈക്കോടതി ജഡ്ജിയായി. അന്ന ചാണ്ടിക്കും ജാനകി അമ്മയ്ക്കും ശേഷം കേരള ഹൈക്കോടതിയില്‍ എത്തുന്ന വനിത ജഡ്ജിയും ആദ്യ മുസ്ലിം വനിതയും ഫാത്തിമാബീവിയായി. 1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റീസായി സുപ്രീംകോടതിയില്‍ നിയമിതയായി. മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചു.സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന് അധ്യക്ഷയായും ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപീകരിച്ചപ്പോള്‍ അതിലെ അംഗമായും പിന്നീട് പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. എത്തപ്പെട്ട മേഖലകളിലെല്ലാം തന്റേതായ പ്രവര്‍ത്തന ശൈലിയിലും തീരുമാനങ്ങളിലും ഏറെ ശ്രദ്ധേയായിരുന്നു ജസ്റ്റീസ് ഫാത്തിമാബീവി.
സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ പരിഗണിച്ച്് ഈവര്‍ഷം കേരള സര്‍ക്കാര്‍ ‘കേരള പ്രഭ’ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
സഹോദരങ്ങള്‍: കുത്സംബീവി, പരേതയായ സാറാ ബീവി, പരേതനായ ഹബീബ് മുഹമ്മദ് (റിട്ട. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍), റസിയാബീവി (റിട്ട. ഗവ. എച്ച്എസ് ഹെഡ്മിസ്ട്രസ്), പരേതയായ ഹനീഫാ ബീവി (റിട്ട. അധ്യാപിക), പരേതനായ മെയ്തിന്‍ സാഹിബ് (റിട്ട. ഡിവൈഎസ്പി), ഡോ. എം.ഫസിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: