കണ്ണൂര്‍: മട്ടന്നൂരിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന് അപമാനിച്ചത് മട്ടന്നൂരിലെ മുഴുവന്‍ പ്രവര്‍ത്തകരേയുമാണെന്ന് പാര്‍ട്ടി വിലയിരുത്തല്‍. പ്രസംഗിച്ച സ്ഥലം എംഎല്‍എ കെ.കെ. ശൈലജയെ വേദിയില്‍ത്തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയുടെ പേരില്‍ പരാതികളും ഭിന്നാഭിപ്രായങ്ങളും ശക്തമായിരിക്കുകയാണ്. ”നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ചു കൂടുതലായി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മാത്രമല്ല, കെ.കെ. ശൈലജയുടെ ഭര്‍ത്താവായ മുന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ഭാസ്കരന്, മുഖ്യമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സംസാരിച്ച വിവരങ്ങള്‍ പരസ്യമായി വേദിയില്‍പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ടണ്ട്. മറ്റ് മണ്ഡലങ്ങളില്‍ ഉള്ളത്ര ആളുകള്‍ മട്ടന്നൂരിലില്ലെന്നും ഇത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം.
”സൗഹൃദസംഭാഷണത്തിനിടെ ഭാസ്കരന് മാഷ് എന്നോട് ചോദിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ പരിപാടികളൊക്കെ കണ്ടു ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു” എന്നായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഒരു കാലത്ത് മട്ടന്നൂരില്‍ സിപിഎമ്മിന്റെ എല്ലാമായിരുന്ന ഭാസ്ക്കരന്‍ ഏറെക്കാലമായി മട്ടന്നൂരിലേയും കണ്ണൂരിലേയും പാര്‍ട്ടി നേതൃത്വവുമായി സ്വരചേര്‍ച്ചയിലല്ല. അതിനാല്‍ത്തന്നെ മട്ടന്നൂരിലെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനത്തിലുണ്ടെന്നാണ് സൂചന.
ഇതെല്ലാം മട്ടന്നൂരിലെ സിപിഎമ്മുകാരെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം മണ്ഡലത്തിലെ പാര്‍ട്ടിക്കുള്ളിലാകെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ടരവര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ ‘ഒതുക്കലിന്’ വിധേയയായ കെ.കെ. ശൈലജയ്ക്ക് വ്യക്തിപരമായ തിരിച്ചടികൂടിയാണ് മുഖ്യമന്ത്രിയുടെ ഇകഴ്ത്തല്‍.
എന്നാല്‍, പാര്‍ട്ടിയിലും ഭരണത്തിലും സര്‍വാധികാരിയായ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഇക്കാര്യത്തില്‍ ഭയം കൊണ്ടു പലരും തയാറാകുന്നില്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി പാര്‍ട്ടിയില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും ഭൂരിപക്ഷത്തില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജയിച്ച കെ.കെ. ശൈലജയെ ഒതുക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അവരെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായി ശൈലജ മാറിയത്.
രണ്ടാം പിണറായി സര്‍ക്കാരില്‍ ശൈലജയ്ക്ക് ആരോഗ്യമന്ത്രി സ്ഥാനം കിട്ടിയില്ലെന്നു മാത്രമല്ല ഭരണഘടനാപദവിയിലൊന്നും അടുപ്പിക്കാതെ അവര്‍ എംഎല്‍എയായി ഒതുങ്ങേണ്ടിയും വന്നു. മകന്റെ റിസോര്‍ട്ട് അടക്കമുളള വിവിധ വിഷയങ്ങളില്‍ ഇ.പി.ജയരാജന്റെയും വ്യക്തിപൂജാവിവാദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒതുക്കപ്പെട്ട പി. ജയരാജന്റെയും ഗതി തന്നെയാണ് കെ.കെ. ശൈലജയ്ക്കും വരാനിരിക്കുന്നതെന്നാണ് പിണറായിയുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.
മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഒന്നാം ഗേറ്റില്‍ നടന്ന നവകേരളസദസ് മട്ടന്നൂര്‍ മണ്ഡലംതല പരിപാടിയിലാണ് അധ്യക്ഷയായ കെ.കെ. ശൈലജ വിശദമായ പ്രസംഗം നടത്തിയതും മുഖ്യമന്ത്രിയ്ക്ക് നീരസമുണ്ടാക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: