കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിന് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു എന്ന പരാതിയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. വിവിധ എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് ഫോട്ടോ എഡിറ്റു ചെയ്തും പേരു വിവരങ്ങള്‍ മാറ്റിയുമൊക്കെ വ്യാജ രേഖയുണ്ടാക്കി പലരെക്കൊണ്ടും വോട്ടുചെയ്യിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാര്ട്ടിക്കാര് തന്നെ പരാതികളുമായി രംഗത്തുവന്നതോടെ തട്ടിപ്പ് നടന്നുവെന്ന് ഉറപ്പായിരിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരു ലാപ്ടോപ്പും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് നടത്തിയ പ്രത്യേക ഏജന്‍സിയോട് സ്ഥാനാര്‍ത്ഥികള്‍, വോട്ടു ചെയ്തവര്‍, ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ സംസ്ഥാന വ്യാപകമായി ക്രമക്കേട് നടന്നിട്ടുള്ളതായാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുകയാണ്. വ്യാജരേഖ ചമയ്ക്കാന്‍ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളും ബിജെപി നേതാവ് കൈമാറിയിട്ടുണ്ട്. കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടാക്കി സമാന രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്ന വിവരവും പുറത്തുവരികയാണ്. യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന കാര്യമല്ല ഇത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ അറിവും സമ്മതവുമില്ലാതെ ഇത്തരമൊരു ഗുരുതരമായ തട്ടിപ്പ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുമെന്ന് കരുതാനാവില്ല. ഇതോടെ പല നേതാക്കളും പ്രതിക്കൂട്ടിലായിരിക്കുന്നു.
ഇത് കോണ്‍ഗ്രസ്സിന്റെ സംഘടനാ പ്രശ്നമോ ആഭ്യന്തര പ്രശ്നമോ മാത്രമായി കാണാനാവില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുക എന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യരക്ഷയെപ്പോലും ഇത് ബാധിക്കാം. രാജ്യത്ത് നുഴഞ്ഞുകയറി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന പാക് ഭീകരവാദികളും മറ്റും ചെയ്യുന്ന പണിയാണിത്. സംഘടനാ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്ഗ്രസ്സുകാര് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ ജയിക്കാനും ഇതു ചെയ്തിട്ടില്ല എന്നതിന് എന്താണുറപ്പ്? യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്എയുമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൃത്രിമം നടന്നു എന്നു കരുതപ്പെടുന്ന കര്‍ണാടക യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് ഷാഫി പറമ്പിലും പോയിരുന്നുവത്രേ. മറ്റൊരു നേതാവുമായി ചേര്‍ന്ന് അവിടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കുന്നതില്‍ ഷാഫിക്കും പങ്കുണ്ടത്രേ. ഇവര്‍ രണ്ടുപേരുമാണ് കേരളത്തിലെത്തിയും വ്യാജരേഖകള്‍ ചമച്ചതെന്ന ആക്ഷേപം തള്ളിക്കളയാനാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ക്കും ഇതില്‍ കയ്യുള്ളതായി പറയപ്പെടുന്നു. ഇതുകൊണ്ടാവാം പ്രതിപക്ഷ നേതാവോ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോ പ്രശ്നത്തോട് പ്രതികരിക്കാന്‍ തയ്യാറാവാത്തത്. ആദര്ശധീരന് ചമഞ്ഞു നടക്കുന്ന സതീശന് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ലോകത്ത് ജനാധിപത്യ രീതി കണ്ടുപിടിച്ചത് തങ്ങളാണെന്നു ഭാവിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ തനിനിറമാണ് ഇതിലൂടെ പുറത്താവുന്നത്.
തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും നരേന്ദ്ര മോദി സര്‍ക്കാരിനെയുമൊക്കെ കുറ്റപ്പെടുത്തുന്നവരാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയിച്ചാല്‍ ഇവര്‍ നിശ്ശബ്ദത പാലിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കു പകരം പേപ്പര്‍ ബാലറ്റ് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസ്സ് പലപ്പോഴും ആവശ്യപ്പെടാറുള്ളത്. ഇങ്ങനെയായാല്‍ പഴയ കാലത്തേതുപോലെ തങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ ബൂത്തുപിടുത്തവും കള്ളവോട്ടുമൊക്കെ നിര്‍ബാധം നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ദുഷ്ടലാക്ക്. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു. ഇത്തരം രീതികള്‍ ഇതിനു മുന്‍പ് പൊതുതെരഞ്ഞെടുപ്പുകളില്‍ ഇവര്‍ പയറ്റിയിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഈ രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ടാവാം. അതുകൊണ്ട് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. പിണറായി സര്‍ക്കാര്‍ ഇതിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ്സുമായി വിലപേശാന്‍ ഈ കേസും പിണറായി ഉപയോഗിച്ചേക്കാം. തെരഞ്ഞെടുപ്പുകളില്‍ അടിമുടി കൃത്രിമം കാണിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ക്ക് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്താന്‍ ധാര്‍മികമായി കഴിയില്ല. അതിനാല്‍ കേരള പോലീസിന്റെ അന്വേഷണം രാഷ്ട്രീയപ്രേരിതമായിരിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ ഇടപെടണം. അന്തര്‍സംസ്ഥാന ബന്ധം സംശയിക്കുന്നതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുക്കണം. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിനു മുന്‍പ് ഇതുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: