ഇടുക്കി : ക്ഷേമപെന്ഷന് മുടങ്ങിയതില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്കി നാണക്കേടില്‍ നിന്നും തലയൂരാന്‍ നീക്കം. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് പെന്ഷന് കൈമാറിയിട്ടുണ്ട്. ഒരു മാസത്തെ ക്ഷേമ പെന്ഷന് മാത്രമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബാക്കി പിന്നീട് നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ തരാനുള്ള നാല് മാസത്തെ പെന്ഷന് വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി പ്രതികരിച്ചു. മാസങ്ങളായി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്നാണ് അടിമാലിയില്‍ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷ യാചിച്ചത്. ഇത് വാര്‍ത്തയായതോടെ ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്കാന് തീരുമാനമെടുത്തു.
മറിയക്കുട്ടിയുടേത് വിധവാ പെന്‍ഷനാണെന്നും അത് നല്കാന് പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. അഞ്ച് മാസത്തെ പെന്‍ഷനായിരുന്നു മറിയക്കുട്ടിക്ക് നല്കാന് ഉണ്ടായിരുന്നത്. പെന്ഷന് വിതരണം തടസ്സപ്പെട്ടതില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്ന് സിപിഎമ്മും ദേശാഭിാനിയും ചേര്‍ന്ന് മറിയക്കുട്ടിക്ക് ഭൂസ്വത്തുണ്ടെന്നും മകള്‍ക്ക് വിദേശത്ത് ജോലിയുണ്ടെന്നും വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് തന്റെ പേരില്‍ ഭൂമിയൊന്നുമില്ലെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടിയാണ് മറിയക്കുട്ടി മറുപടി നല്‍കിയത്. കൂടാതെ വ്യാജ ആരോപണത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മറിയക്കുട്ടിയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: