കൊച്ചി: ജനതാദള്‍ (എസ്) ദേശീയ നേതൃത്വത്തോട് ഇടഞ്ഞ് വിമതനീക്കം നടത്തുന്ന മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിമിന് ഒപ്പം കൂടി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ നീല ലോഹിതദാസന്‍ നാടാര്‍.
കേന്ദ്ര നേതൃത്വം ബിജെപി സഖ്യത്തിലായതോടെ വിമത ശബ്ദം ഉയര്‍ത്തിയ സംസ്ഥാന ഘടകത്തിനൊപ്പം നിന്നിരുന്ന നീലന്, പക്ഷേ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു നവംബര്‍ 15ന് കോവളത്തു വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു. ഈ യോഗത്തില്‍ സി.എം. ഇബ്രാഹിമുള്പ്പെടെ മറ്റു ചില സംസ്ഥാന പ്രസിഡന്റുമാര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതു വിലക്കി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും പ്രസ്താവന ഇറക്കിയിരുന്നു.
ഡിസംബര്‍ 9ന് സമാന്തര ദേശീയ സമിതി യോഗം വിളിച്ചു കൂട്ടാനാണ് സി.കെ. നാണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഈ യോഗത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളെ എത്തിക്കാനാണ് നീക്കം. ഇതിനായി സി.എം. ഇബ്രാഹിമിന് ഒപ്പം നീല ലോഹിതദാസന്‍ നാടാരും കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ജനതാദള്‍ (എസ്) തമിഴ്നാട് ഘടകത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. നീലനെ പിന്തുടര്ന്ന് കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ സി.കെ. നാണു പക്ഷത്ത് എത്തുമെന്നാണ് സൂചന.
ഇതോടെ ഗൗഡയെ പിന്തുണയ്ക്കാതെ, കൂറുമാറ്റ നിരോധന നിയമത്തില്‍നിന്നു രക്ഷ നേടാനുള്ള പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എയുടെയും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും ശ്രമങ്ങള്‍ കൂടുതല്‍ പരുങ്ങലിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: