ഹൂസ്റ്റൺ: ‘ഹിന്ദുക്കൾക്ക് ഒരു ഗ്രന്ഥമുണ്ടോ?’ എന്ന ചോദ്യത്തിന് ഉണ്ട്, അതാണ് വേദം’ എന്ന് സ്വാമി സത്യാനന്ദസരസ്വതി പറയുമായിരുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തണം എന്നും സ്വാമി നിഷ്ക്കർഷിച്ചിരുന്നു. അത് ഹൂസ്റ്റൺ കൺവൻഷനിൽ യാഥാർത്ഥ്യമാകുകയാണ്.
ഇത്തവണത്തെ കെഎച്ച്എൻഎ കൺവൻഷനിലെ ഏറ്റവും ശ്രദ്ധേയ പരിപാടി ഏതാണെന്നു ചോദിച്ചാൽ ഏക ഉത്തരം ‘വേദസമർപ്പണം’ എന്നതുതന്നെയാണ്. സമ്മേളനത്തിലെത്തുന്ന എല്ലാവരേയും സ്വീകരിക്കുന്നത് ഇത്തവണ ഋഗ്വേദം സമ്മാനിച്ചാണ്. അമേരിക്കയിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തുക എന്ന മഹത്തായ ലക്ഷ്യത്തിന്റെ വലിയ തുടക്കം. കൺവൻഷനിൽ എത്തുന്നവർക്ക് സമ്മാനമായി വേദം നൽകുക എന്ന ആശയം മുന്നോട്ടുവെച്ചത് കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ളയാണ്.
സ്വാമി സത്യാനന്ദസരസ്വതിയുടെ ശിഷ്യനായിരുന്ന രഞ്ജിത് ഗുരുദക്ഷിണപോലെ കരുതിയ പദ്ധതിക്ക് ജി.കെ.പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പച്ചക്കൊടികാട്ടി. കേരളത്തിലെ കോർഡിനേറ്റർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആറുമാസത്തിലധികം നീണ്ട പ്രവർത്തനഫലമായി സംസ്കൃതത്തിലും ഇംഗ്ലീഷിലും അർത്ഥസഹിതം കെഎച്ച്എൻഎയ്ക്ക് മാത്രമായി വേദം അച്ചടിച്ചെടുത്തു.
കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാനാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സർവലൗകികമായ വേദപ്പൊരുൾ എക്കാലത്തും പ്രസക്തമാണെന്നു പറഞ്ഞാണ് ഗവർണർ പ്രകാശന കർമ്മം നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: