കണ്ണൂര്‍ : ജനങ്ങള്‍ക്കിടയിലേക്ക് അവരുമായി നേരിട്ട് സംവദിക്കാനെന്ന പേരില്‍ നവകേരള സദസ്സ് നടത്തിയിട്ട് ജനങ്ങള്‍ പരാതികള്‍ നല്‍കുന്നത് കൗണ്ടറുകള്‍ വഴി. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനായാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും കോടികള്‍ മുടക്കി, എല്ലാ മന്ത്രിമാരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നവകേരള സദസ്സ് സംഘടിപ്പിച്ചത്.
എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്കുകള്‍ പരിഗണിച്ച് നവകേരള സദസ്സിനോടനുബന്ധിച്ച് പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിപ്പിക്കും. പരാതികളും നിവേദനങ്ങളും കൈപ്പറ്റുന്നതിന് മാത്രമായി ഇരുപതോളം കൗണ്ടറുകളും പ്രവര്‍ത്തിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് തന്നെ നിവേദനങ്ങള്‍ സ്വീകരിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയത് സംബന്ധിച്ച വിവങ്ങള്‍ രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ ഉപയോഗിച്ച് വെബ് സൈറ്റില്‍ നിന്നും അറിയാനാകും.
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 23000ഉം ആണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: