കോട്ടയത്തിനു സമീപം മീനച്ചിലാറിന്റെ തീരത്താണ് കുമാരനല്ലൂര്‍ കാര്‍ത്യായനി ദേവീയുടെ ക്ഷേത്രം. ദേവിയുടെ പിറന്നാള്‍ ദിനമായ വൃശ്ചികത്തിലെ തൃക്കാര്‍ത്തിക മഹോത്സവം പ്രസിദ്ധം. അന്നു വൈകീട്ട് നാടാകൈ ദീപങ്ങളാല്‍ അലംകൃതമാകും. പത്ത് നാള് നീളുന്ന ഉല്‍സവം കൊടിയേറിയാല്‍ പിറ്റേന്നുമുതല്‍ പത്താംനാള്‍ വരെയും ഭഗവതിക്ക് ആറാട്ട് നടക്കും. കിഴക്കേ നടയിലുള്ള ക്ഷേത്രക്കടവിലാണ് 9ാം ദിനം വരെ ആറാട്ട്. പത്താം നാളിലെ ആറാട്ടിനു ഭഗവതി, നട്ടാശ്ശേരി ഇടത്തില്‍ മണപ്പുറത്തേയ്ക്ക് എഴുന്നള്ളും. ആറാട്ടിനു തലേന്നത്തെ തൃക്കാര്‍ത്തിക ദര്‍ശനം ഏറെ പ്രധാനമാണ്.
ആറാട്ടിന് ഇത്ര അതീവ പ്രാധാന്യം കൈവരാന്‍ കാരണം ആറാട്ട് ദിനത്തില്‍ മാത്രമേ ദേവിയുടെ കര്മബിംബം(ആറാട്ട് ബിംബം) പുറത്തെടുക്കൂ എന്നതാണ്. ആറാട്ട് ഒരു ദിവസം മാത്രമായാല്‍ ഭക്തര്‍ക്ക് ബിംബ ദര്‍ശനം ആ ദിവസം മാത്രമേ സാധ്യമാകൂ എന്നതിനാലാണ് 9 ദിവസവും ആറാട്ട്. കര്മബിംബത്തെ കൂടുതല്‍ ചൈതന്യവത്താക്കുന്ന ചടങ്ങാണിത്. പ്രഭാതത്തിലെ ഉഷപ്പൂജ കഴിഞ്ഞാലുടന്‍ ദേവി ആറാട്ടിനെഴുന്നള്ളും.
തൃശ്ശൂര്‍ വടക്കുംനാഥന് വാമഭാഗ ഭാവത്തിലും വൈക്കം ഉദയനാപുരത്തപ്പന് മാതൃഭാവത്തിലുമാണ് കുമാരനല്ലൂര്‍ കാര്‍ത്യായനിയെ ദര്‍ശിക്കുന്നത്. സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയുടെ തൃക്കാര്‍ത്തിക ആറാട്ട് എഴുന്നള്ളിപ്പ് കാണാന്‍ വടക്കുംനാഥന് ശ്രീകോവിലില്‍ നിന്നിറങ്ങി തെക്കേ മതിലിലേക്ക് എഴുന്നള്ളും എന്നാണ് സങ്കല്പം. ഇതിനാല്‍ തൃക്കാര്‍ത്തിക നാള് തെക്കേ ഗോപുരവാതില്‍ക്കലാണ് വടക്കുംനാഥന് പൂജ.
ഉത്സവത്തിന്റെ രണ്ടാം നാള് മുതല്‍ ഒമ്പതാം നാള് വരെ വിളക്കിനെഴുന്നള്ളിപ്പിന്റെ സമയത്ത് വേലകളിയും ഇവിടെ പതിവാണ്. മയൂരനൃത്തമാണ് മറ്റൊരു പ്രത്യേകത. മയിലാട്ടത്തിന്റെ ഉത്ഭവവും ഈ ക്ഷേത്രത്തില്‍ നിന്നാണെന്നാണ് വിശ്വാസം. ഉദയനാപുരത്തപ്പന് അമ്മയെ കാണാന്‍ മയില്‍വാഹനത്തിലേറി വരുന്നൂ എന്നു സങ്കല്പം.
ഉദയനാപുരത്തപ്പനും കുമാരനല്ലൂര്‍ ഭഗവതിക്കും ഒരേ ദിനമാണ് കൊടിയേറ്റും ആറാട്ടും. ഉദയനാപുരത്തു കൊടിയേറ്റ് രാവിലെയാണ്. അന്നേദിനം കാര്‍ത്യായനി ക്ഷേത്രത്തിലെ ഭാരവാഹികള്‍ ചേര്‍ന്ന് ഒരു പാത്രം നിറയെ നാണയം, അരി, മറ്റ് വഴിപാടു ദ്രവ്യങ്ങള്‍ എന്നിവ ഉദയനാപുരത്തപ്പന്റെ നടയില്‍ സമര്‍പ്പിക്കും. വൈകീട്ടാണു ഭഗവതിയുടെ കൊടിയേറ്റ്. ഇന്നു മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ ഉത്സവം. തൃക്കാര്‍ത്തിക 27ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: