പത്തനംതിട്ട: ഭക്തർക്ക് കെട്ടുനിറച്ച് മലകയറാനുള്ള അവസരമൊരുക്കി ദേവസ്വം ബോർഡ്. പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലാണ് സന്നിധാനത്തേക്ക് കെട്ടുനിറച്ച് മല കയറാനുള്ള സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. ദിവസവും നൂറ് കണക്കിന് ഭക്തരാണ് ഇവിടെ നിന്നും കെട്ടുനിറച്ച് മല കയറുന്നത്.
ഒരേ സമയം 10 പേർക്ക് കെട്ടുനിറയ്ക്കാനാകുന്ന സൗകര്യമാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 300 രൂപയാണ് കെട്ടുനിറയ്ക്കുന്നതിനുള്ള ഫീസ് ആയി ദേവസ്വം ബോർഡ് ഈടാക്കുന്നത്. ശബരിമലയിൽ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 24 മണിക്കൂറും പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിൽ നിന്നും കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.
ആചാര പ്രകാരം മലചവിട്ടാൻ ഇറങ്ങുമ്പോഴുള്ള എല്ലാ ചടങ്ങുകളും ഉൾപ്പെടുത്തിയാണ് ഇവിടുത്തെ കെട്ടുനിറ. ഗണപതി ക്ഷേത്രം മേൽശാന്തിയോ, മറ്റ് ശാന്തിമാരോ ആണ് ഇരുമുടി കെട്ട് നിറച്ച് തലയിലേറ്റുന്നത്. 17 ദ്രവ്യങ്ങളാണ് പമ്പയിൽ നിന്നും നിറയ്ക്കുന്ന ഇരുമുടിക്കെട്ടിൽ അടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: