കുണ്ടറ: കൊല്ലം, കുണ്ടറയില്‍ തെരുവ് നായകള്‍ വൃക്കരോഗിയായ അഞ്ചുവയസ്സുകാരനെ കടിച്ചു വലിച്ചിഴച്ചു. ഇളമ്പള്ളൂര്‍ ഒന്നാംവാര്‍ഡ് ഏജന്റുമുക്കില് സരോജ നിവാസില്‍ വികലാംഗയായ ഇന്ദുവിന്റെയും തലയ്ക്ക് ശസ്ത്രക്രിയ നടത്തി ചികിത്സയിലിരിക്കുന്ന പെയിന്റിങ് തൊഴിലാളിയായ തിലകന്റെയും മകന് നീരജിനാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
വീടിനു വെളിയില്‍ കളിക്കാനായി പോയ നീരജിനെ ആറ് തെരുവ് നായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 200 മീറ്ററോളം ദൂരമാണ് കുരുന്നിനെ നായ്ക്കള്‍ വലിച്ചിഴച്ചത്. സമീപത്തെ വീട്ടില്‍ പെയിന്റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സന്തോഷ് എന്നയാള്‍ കണ്ടതിനാല്‍ ജീവന് തിരിച്ചുകിട്ടുകയായിരുന്നു. നായ്ക്കള്‍ വലിച്ചിഴച്ചു വന്ന കുഞ്ഞിനെ സന്തോഷ് ഓടിയെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും കവിളിലും കഴുത്തിലും തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയ കുട്ടി ഇപ്പോള്‍ വീട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: