തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടത്തില്‍ മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷിക്കുക. സൈബര്‍ പോലീസ് ഉള്‍പ്പെടെ എട്ടംഗ സംഘമാണ് രൂപീകരിച്ചത്.
അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കാനാണ് ഡിജിപിയുടെ നിര്‍ദേശം. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം, ആപ്പ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യം, മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ തുടങ്ങിയവ പരിശോധിക്കും.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ത്ഥികളുടെയും സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും.
തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്കിയിരുന്നു. തുടര്‍ന്ന് ഡിജിപിയോട് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: