ന്യൂദല്‍ഹി: ജെഎന്‍യുവിലെ തീപ്പൊരി നേതാവായിരുന്നു ഷെഹ്ല റഷീദ്. ജെഎന്‍യുവില്‍ 2016ലെ ഇടത് വിദ്യാര്‍ത്ഥി സമരങ്ങളുടെ മുന്‍പന്തിയില്‍ മൂന്ന് പേരായിരുന്നു-കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് പിന്നെ ഷെഹ്ല റഷീദ്-. ജെഎന്‍യുവിനെ വിറപ്പിച്ച ആള് ഇന്ത്യ സ്റ്റുഡന്‍സ് യൂണിയന്റെ പ്രസിഡന്റായിരുന്ന കനയ്യയെങ്കില്‍ വൈസ് പ്രസിഡന്റായിരുന്നു ഷെഹ്ല റഷീദ്.
മോദിയ്ക്കും അമിത് ഷായ്ക്കും ബിജെപി സര്‍ക്കാരിനും എതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഇന്ത്യ മുഴുവന്‍ മാധ്യമശ്രദ്ധനേടിയ വിദ്യാര്‍ത്ഥി നേതാക്കള്‍. പാര്‍ലമെന്റ് മന്ദിരം ആക്രമിച്ച അഫ്സല് ഗുരുവിനെ വധിച്ചതിനെ തുടങ്ങി പൗരത്വബില്ലിനെതിരായ സമരം, കശ്മീരിന് പ്രത്യേക പദവി നല്കിയ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരായ സമരം അങ്ങിനെ എന്തിനും ഏതിനും മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്തിരുന്ന തീപ്പൊരി വിദ്യാര്‍ത്ഥിനേതാക്കള്‍. 2016ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും ജയിലിലടച്ചപ്പോള്‍ പുറത്ത് വിദ്യാര്‍ത്ഥികളുമായി മരണം പുല്ലാക്കി സമരം ചെയ്ത നേതാവായിരുന്നു ഷെഹ് ല റഷീദ്. കര്‍ഷകസമരത്തിലും പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ നിശ്ശബ്ദരാക്കുന്നു എന്ന് ആരോപിച്ചും സമരം ചെയ്യാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു ഷെഹ്ല റഷീദ്.
ഇപ്പോഴിതാ പുതിയ തിരിച്ചറിവുകള്‍ നേടിയ ഷെഹ്ല റഷീദ് പറയുന്നു. “മോദിയും അമിത് ഷായും നിസ്വാര്ത്ഥരാണ്. അവര്‍ക്ക് ഇരുവര്‍ക്കും രാജ്യതാല്‍പര്യമല്ലാതെ ഒന്നുമില്ല”. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ സ്മിതാ പ്രകാശിന് നല്കിയ അഭിമുഖത്തിലാണ് ഷെഹ്ല റഷീദ് ഇക്കാര്യം തുറന്നടിക്കുന്നത്. ഒരു കാലത്ത് കശ്മീരിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തിയിരുന്ന ഷെഹ്ല റഷീദ് ഇന്ന് മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയങ്ങളെ പുകഴ്ത്തുകയാണ്.
സ്മിതാ പ്രകാശ് ഷെഹ്ല റഷീദുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം:
ഇന്ന് കശ്മീരില്‍ സമാധാനവും വികസനവും തൊട്ടറിയാം
ഞാന്‍ ഇതിന് മുന്‍പ് ബിജെപിയെക്കുറിച്ചും ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും വിമര്‍ശിച്ചിട്ടുണ്ട്. എന്റെ വിമര്‍ശനങ്ങളെല്ലാം അവര്‍ ഏറ്റുവാങ്ങി. എന്നാല്‍ അവര്‍ സ്വാര്‍ത്ഥയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ്. കശ്മീര്‍ ഇന്ന് പുരോഗമനവും സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ട്. അവിടെ ഉയരുന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍(റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍….) നമുക്ക് നേരില്‍ കണ്ടറിയാന്‍ സാധിക്കും. അവിടെ സമാധാനം തൊട്ടറിയാന്‍ സാധിക്കും. ജനങ്ങള്‍ ഭയമില്ലാതെ പുറത്തിറങ്ങി നടക്കുന്നു. അവിടെ വികസനവും വരുന്നു. ചരിത്രപരമായി നോക്കിയാല്‍ ഒരു സുപ്രധാന ഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. ഇപ്പോള്‍ ലോകത്ത് മറ്റെവിടെയമല്ല, ഇന്ത്യയില്‍ തന്നെ ജനിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഗ്ഗീയത ഇന്ത്യയില്‍ ഒരു വര്‍ഷംകൊണ്ട് പോകില്ല. അത് നൂറുവര്‍ഷം കഴിഞ്ഞാലും നിലനില്ക്കും. അഫ്സല് ഗുരുവിനെ മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വളരെ വേഗം തൂക്കിക്കൊന്നു എന്ന തെറ്റിദ്ധാരണയായിരുന്നു കശ്മീരിലെ ജനങ്ങള്‍ക്കിടിയില്‍ ഉണ്ടായിരുന്നത്. എന്തായാലും നിങ്ങള്‍ നിങ്ങളുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കൂ എന്ന മാത്രമേ എനിക്ക് പറയാനുള്ളൂ. ഞാനും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് പലതും ചെയ്തത്. ഇന്നതില്‍ ദുഖിക്കുന്നു – ഷെഹ്ല റഷീദ് പറയുന്നു.
കശ്മീരിന് രക്തംചൊരിയാതെ മോക്ഷം നല്കിയവരാണ് മോദിയും അമിത് ഷായും
കശ്മീരിന് രക്തംചൊരിയാതെ മോക്ഷം നല്കിയവരാണ് മോദിയും അമിത് ഷായുമെന്ന് ഷെഹ് ല റഷീദ് പറയുന്നു. ഇന്ത്യന്‍ സേനയ്ക്ക് നേരെ കശ്മീരില്‍ കല്ലെറിഞ്ഞിരുന്ന ചെറുപ്പക്കാരെ ഇപ്പോഴും പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിന് 2010ല്‍ പിന്തുണച്ചിരുന്നു, ഇപ്പോഴില്ല എന്നതാണ് ഷെഹ്ല റഷീദിന്റെ മറുപടി. കശ്മീരിലെ ഇന്നത്തെ സമാധാന സ്ഥിതിവിശേഷത്തില്‍ അങ്ങേയറ്റം തൃപ്തയാണെന്നും കശ്മീര്‍ ഗാസയല്ലെന്ന് തെളിയിച്ചു കഴിഞ്ഞുവെന്നും ഷെഹ്ല റഷീദ് പറയുന്നു.
തീവ്രവാദവും നുഴഞ്ഞുകയറ്റവും ലഹളയുമുള്ള കശ്മീരിന് ആരെങ്കിലും മണി കെട്ടണമായിരുന്നു
കശ്മീരില്‍ എപ്പോഴും ലഹളകളായിരുന്നു. പ്രതിഷേധങ്ങളായിരുന്നു. നുഴഞ്ഞുകയറ്റങ്ങള്‍ നടന്നിരുന്നു. വ്യാപകമായ തീവ്രവാദ ആക്രമണങ്ങള്‍ നടന്നിരുന്നു. നിശ്ചയദാര്‍ഡ്യമുള്ള ആരെങ്കിലും പൂച്ചയ്ക്ക് മണികെട്ടണമായിരുന്നു. അതാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ ചെയ്തത്. പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായും കശ്മീരിന് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കി. രക്തമൊഴുക്കാതെയുള്ള പരിഹാരം. – ഷെഹ്ല റഷീദ് പറയുന്നു.
ദുഷിച്ച മുദ്രാവാക്യങ്ങള്‍ ജെഎന്‍യുവില്‍ മുഴക്കാന്‍ പാടില്ലായിരുന്നു
ജെഎന്‍യുവില്‍ അന്ന് നടത്തിയ അക്രമാസക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും ഷെഹ്ലയ്ക്ക് പശ്ചാത്താപമുണ്ട്. ഇത്രയും കുലീനമായ ജെഎന്‍യു എന്ന സര്‍വ്വകലാശാല, ലിബറല്‍ ആര്‍ട്ട്, സോഷ്യല്‍ സയന്‍സ് എന്നിവയുടെ പഠനത്തിന്റെ രാജ്ഞിയായി അറിയപ്പെട്ട ആ സര്‍വ്വകലാശാല വെറുമൊരു തെറിവാക്കായി അധിപതിച്ചുവെന്നും ഷെഹ്ല റഷീദ് പറയുന്നു. “അന്ന് വിദ്യാര്‍ത്ഥികള്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ എന്തൊക്കെയായിരുന്നു…ലാല്‍സലാം, ഭാരത് തെരേ തുക് ഡേ ഹോംഗെ, ഇന്ഷാ അള്ളാ, ഇന്ഷാ അള്ളാ (ഭാരതത്തെ തുണ്ടം തുണ്ടമാക്കും അള്ളയാണെ സത്യം)….ഇതുപോലെയുള്ള മുദ്രാവാക്യങ്ങള്‍ ഒരിയ്ക്കലും അവിടെ മുഴങ്ങാന്‍ പാടില്ലായിരുന്നു.”- ഷെഹ്ല റഷീദ് പറയുന്നു.
കുറച്ചുനാള്‍ മുന്‍പ് ഷെഹ്ല റഷീദ് സമൂഹമാധ്യമമായ എക്സില്‍ (പഴയ ട്വിറ്റര്‍) നടത്തിയ പ്രതികരണത്തില്‍ കശ്മീരിലെ ഇന്നത്തെ സമാധാനത്തിന് പിന്നില്‍ മോദി സര്‍ക്കാരാണെന്ന് സൂചിപ്പിച്ചിരുന്നു. “ശക്തമായ സുരക്ഷാസേനയുണ്ടെങ്കില്‍ മാത്രമേ സമാധാനം കൈവരൂ. ഇന്ത്യന്‍ സേനയും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് ദീര്‍ഘകാല സമാധാനം സ്ഥാപിക്കാന്‍ കശ്മീരില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു”.- മോദി സര്‍ക്കാരിന്റ കശ്മീര്‍ നയങ്ങളെ അഭിനന്ദിക്കുന്ന ഷെഹ്ല റഷീദിന്റെ ട്വീറ്റ് ഇങ്ങിനെ പോകുന്നു.
പലസ്തീന്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷെഹ് ല നടത്തിയ മറ്റൊരു ട്വീറ്റിലും ഇന്ത്യയുടെ സുരക്ഷിതത്വത്തിന് മോദിയ്ക്കും അമിത് ഷായ്ക്കും ഷെഹ്ല നന്ദി പറയുന്നു. “മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ ഇന്ത്യക്കാര്‍ എന്ന നിലയ്ക്ക് നമ്മള് എത്ര ഭാഗ്യവാന്മാരാണ്. ഇന്ത്യന്‍ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി എല്ലാം ത്യജിക്കുന്നു. ഇതിന്റെ പ്രശംസ നല്‍കേണ്ടത് മോദിയ്ക്കും അമിത് ഷായ്ക്കും കശ്മീര്‍ പൊലീസിനും സുരക്ഷാ സേനയ്ക്കുമാണ്.”- ഷെഹ്ല റ,ഷീദിന്റെ മറ്റൊരു ട്വീറ്റ് ഇങ്ങിനെ പോകുന്നു.
ആഗസ്ത് 17ന് നടത്തിയ പഴയ ട്വീറ്റിലും ഷെഹ്ല റഷീദ് മോദി സര്‍ക്കാരിനെ പുകഴ്ത്തിയിരുന്നു. മോദിക്കും ലഫ്. ഗവര്‍ണര്‍ക്കും കീഴിലുള്ള കശ്മീര്‍ ഭരണകൂടം കശ്മീരിലെ മനുഷ്യാവകാശ നിലവാരം ഉയര്‍ത്തി എന്നാണ് ഷഹ്ലയുടെ ട്വീറ്റ്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞപ്പോള്‍ മോദി സരര്‍ക്കാരിനെതിരെ ഷഹ്ല റഷീദ് സുപ്രീംകോടതിയി്‍ പോയിരുന്നു. എന്നാല്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫെയ്സലിനൊപ്പം ( പണ്ട് കടുത്ത മോദി വിമര്‍ശകനായിരുന്ന ഇദ്ദേഹവും ഇപ്പോള്‍ മോദി ആരാധകനാണ്) ഷെഹ്ല റഷീദും പരാതി പിന്‍വലിക്കുകയായിരുന്നു.
ഒരു കാലത്ത് ഇന്ത്യയെ തുണ്ടം തുണ്ടമായി മുറിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ (തുക്ഡെ തുക്ഡെ ഗ്യാങ്) നേതാവായാണ് ഷെഹ്ല റഷീദിനെ മോദി സര്‍ക്കാര്‍ കണ്ടിരുന്നത്. എന്നാല്‍ പുതിയ തിരിച്ചറിവുകള്‍ ഷെഹ്ല റഷീദിനെ മറ്റൊരാളാക്കിയിരിക്കുന്നു. സ്വന്തം അനുഭവത്തില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാനാണ് വിദ്യാര്‍ത്ഥികളോട് ഷഹ്ല റഷീദ് ഉപദേശിക്കുന്നത്. അല്ലാതെ മറ്റുള്ളവരുടെ മസ്തിഷ്ക പ്രക്ഷാളനത്തിന് (തലച്ചോര്‍ പുതിയ ആശയങ്ങള്‍ കൊണ്ട് കഴുകാന്‍ അനുവദിക്കല്‍) നിന്നു കൊടുക്കരുതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: