അഹമ്മദാബാദ് : ഈ ലോകകപ്പിലെ ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ പുരസ്കാരം ആര്‍ക്കാകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ ഇടം പിടിച്ചു. രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഒമ്പത് പേരുടെ ചുരുക്കപ്പട്ടികയിലുളള ഇന്ത്യാക്കാര്‍.
ഈ വര്‍ഷത്തെ ലോകകപ്പ് നിരവധി ശ്രദ്ധേയമായ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് ടീമിനെ കരകയറ്റിയ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് പുറത്താകാതെ നേടിയ 201 റണ്‍സിന്റെ ഒറ്റയാള്‍ പോരാട്ടവും വിരാട് കോ ഹ്ലിയുടെ അമ്പതാം സെഞ്ച്വറിയും മൊഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടവുമെല്ലാം ഈ ലോകകപ്പിലെ മികച്ച പ്രകടനങ്ങളാണ്.
രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പുറമെ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംബ, മാക്സ്വെല്, ന്യൂസിലന്‍ഡ് താരങ്ങളായ മിച്ചല്‍, രചിന് രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.
ഈ ലോകകപ്പില്‍ വിരാട് കോഹ്ലി ഇതുവരെ 711 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ 700 റണ്‍സിലധികം സ്കോര്‍ ചെയ്യുന്ന ആദ്യ താരമായി കോ ഹ്ലി മാറിയിരുന്നു. വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് 591 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ ഇതുവരെ 550 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് യുവതാരം രചിന് രവീന്ദ്ര നേടിയത് 578 റണ്‍സാണ്. അഞ്ച് വിക്കറ്റും വീഴ്ത്തി.
ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് 398 റണ്‍സും അഞ്ച് വിക്കറ്റും നേടി. ബൗളിംഗില്‍ മുഹമ്മദ് ഷമി ആറ് മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റും ജസ്പ്രീത് ബുംറ 18 വിക്കറ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ആദം സാംബ 10 മത്സരങ്ങളില്‍ നിന്ന് 22 വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: