കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടാന്‍ പോലീസ്. പോലീസ് ചുമത്തിയ 354 (എ) വകുപ്പ് നിലനില്‍ക്കില്ലെന്ന അഭിപ്രായത്തെത്തുടര്‍ന്നാണ് നിയമോപദേശം തേടാനുള്ള പുതിയ നീക്കം. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തിയെങ്കിലും സാക്ഷി മൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ അത് നിലനില്‍ക്കില്ലെന്ന് വ്യക്തമായി.
ദൃശ്യങ്ങള്‍ പരിശോധിച്ചതിലും പോലീസിന് പരാതിക്കാരിയുടെ വാദത്തിനനുകൂലമായ തെളിവുകള്‍ കണ്ടെത്താനായില്ല. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനുണ്ടായ കടുത്ത സമ്മര്‍ദം പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടുതല്‍ നിയമോപദേശം തേടി കുറ്റപത്രം നല്‍കാനാണ് പോലീസ് നീക്കം.
ബുധനാഴ്ച നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപി പോലീസിന് മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ ലൈംഗികാതിക്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെങ്കിലും സുരേഷ് ഗോപിയില്‍ നിന്ന് മൊഴിയെടുത്തു വിടുകയായിരുന്നു. വന്‍ജനാവലിയാണ് സുരേഷ് ഗോപിക്കു പിന്തുണയുമായി ഇന്നലെ നടക്കാവിലെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആയിരങ്ങള്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായെത്തി. ഇതിനിടെ സുരേഷ് ഗോപിക്കെതിരേയുള്ള കേസ് തുടരണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാക്കള്‍ പ്രകടനമായി സ്റ്റേഷനു മുന്നിലെത്തി. സുരേഷ് ഗോപിക്കെതിരായ ആരോപണത്തിനു പിന്നിലെ രാഷ്ട്രീയ നീക്കം വ്യക്തമാക്കുന്നതായിരുന്നു നേതാക്കളുടെ പ്രസംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: