കോട്ടയം: കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന നവകേരള സദസ് വേണ്ടെന്നു വയ്ക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ഇടതുമുന്നണിയുടെ മണ്ഡലം കണ്‍വെന്‍ഷനാണിതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പരിപാടിയുടെ മുഴുവന്‍ ചെലവും എല്‍ഡിഎഫ് ഫണ്ടില്‍നിന്നാണ് വഹിക്കേണ്ടത്. ഒരു മണ്ഡലത്തിന് വേണ്ടി ഒന്നരമണിക്കൂര്‍ സമയമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവഴിക്കുന്നത്. കൗണ്ടറുകളിലൂടെയാണ് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നത്. മന്ത്രിമാര്‍ക്കാര്‍ക്ക് പരാതിക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത സന്ദര്‍ശനത്തിന് എന്ത് പ്രസക്തി. ഉദ്യോഗസ്ഥരാണ് പരാതി സ്വീകരിച്ച് നടപടി എടുക്കുന്നതെങ്കില്‍ മന്ത്രിമാര്‍ എന്തിനാണ് നാടുചുറ്റുന്നത്. അദ്ദേഹം ചോദിച്ചു.
ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാരുടേയും വിധവാ പെന്‍ഷനും സാമൂഹ്യ പെന്‍ഷനും ലഭിക്കാത്തവരുടേയും നെല്ലിന്റെ വില ലഭിക്കാത്ത കര്‍ഷകരുടേയും മുന്നിലൂടെയാണ് നികുതിപ്പണം ഉപയോഗിച്ച് ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വാഹനത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡലപര്യടനം. നികുതിവെട്ടിപ്പുകാരാണ് സ്പോണ്‍സര്‍മാര്‍. അവര്‍ സംരംഭകരായി മാറും എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. എന്നാല്‍ അവര്‍ ഭരണനിയന്ത്രണമാണ് ഏറ്റെടുക്കുക. കേരളം ഇതിന് കനത്ത വില നല്‍കേണ്ടിവരും.
തീവെട്ടിക്കൊള്ളയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ടാണ് ഖജനാവ് തകര്‍ന്നത്. പിരിച്ചെടുക്കാനുള്ള നികുതി വരുമാനത്തില്‍ 25 ശതമാനവും കേരളം പിരിച്ചെടുത്തിട്ടില്ല എന്നാണ് സിഎജിയുടെ കണ്ടെത്തലെന്ന് കൃഷ്ണദാസ് പറഞ്ഞു.
യുപിഎ ഭരണകാലത്തും മോദി സര്‍ക്കാര്‍ ഭരണകാലത്തും ലഭിച്ച കേന്ദ്രവിഹിതം സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം, കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, ജില്ലാ ജന. സെക്രട്ടറി എസ്. രതീഷ് എന്നിവരും
പങ്കെടുത്തു.
ജന പഞ്ചായത്തുമായി ബിജെപി
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ 2000ത്തോളം പൊതുസമ്മേളനങ്ങള്‍ ജനപഞ്ചായത്ത് എന്ന പേരില്‍ സംഘടിപ്പിക്കുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഒരു പഞ്ചായത്തില്‍ രണ്ട് സമ്മേളനങ്ങളാണ് നടക്കുക. കേന്ദ്രപദ്ധതിയുടെ ഗുണഭോക്താക്കളുമായി സമ്പര്‍ക്കം ചെയ്യുന്നതിന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്യും. നവകേരള സദസുമായി ഒരിടത്തും ബിജെപി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: