മാവേലിക്കര: ഒരു കാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നു മാവേലിക്കര അടങ്ങുന്ന ഓണാട്ടുകര. അതിന്റെ ശേഷിപ്പുകള്‍ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും കാണാന്‍ കഴിയും.
അതില്‍ പ്രധാനമാണ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നിലുള്ള നാട്ടുകാര്‍ പുത്രച്ഛന് എന്നു വിളിക്കുന്ന ബുദ്ധപ്രതിമ. പുരാവസ്തു വകുപ്പു ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തില്‍ ഇതു 10-ാം നൂറ്റാണ്ടിലേതാണെന്നു പറയുന്നു. അതായതു ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് സാരം.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് പ്രതിമ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കണ്ടിയൂര്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള പാടത്തുനിന്നും ഖനനം നടക്കുന്നതിനിടയില്‍ ലഭിച്ചതാണ് വിഗ്രഹമെന്നും, അതല്ല അച്ചന്‍കോവിലാറില്‍ നിന്നും കണ്ടെടുത്തതാണെന്നും പറയുന്നുണ്ട്.
എന്തായാലും 1923ലാണ് ഇതിവിടെ സ്ഥാപിച്ചത്. അന്നുമുതല്‍ ഇവിടം ബുദ്ധജങ്ഷനാണ്. മാവേലിക്കരയിലെ ബുദ്ധപ്രതിമ നാടിന് അഭിമാനമാണ്. കണ്ടിയൂരില്‍ അനാഥമായി കിടന്ന പ്രതിമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പ്രതിഷ്ഠിച്ചത്് വിദ്യാധിരാജ ചട്ടമ്പി സ്വാമിയാണ്.
മാവേലിക്കരയില്‍ മജിസ്ട്രേറ്റായി എത്തിയ ആണ്ടിപ്പിള്ളയുടെ കണ്ടിയൂരിലെ വീട്ടില്‍ വിദ്യാധിരാജ ചട്ടമ്പി സ്വാമി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ചിലര്‍ പ്രതിമയുടെ കാര്യം പറയുകയായിരുന്നു ചട്ടമ്പി സ്വാമിയുടെ നിര്‍ദേശ പ്രകാരം ആണ്ടിപ്പിള്ള തിരുവിതാംകൂര്‍ ദിവാന് രാഘവയ്യയെ സന്ദര്‍ശിച്ചു കാര്യം അറിയിച്ചു.
അങ്ങനെ ദിവാന്റെ ഉത്തരവു പ്രകാരം 1923ല്‍ പ്രതിമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു. പിന്നീട് മാവേലിക്കര കൊട്ടാരത്തില്‍ നിന്ന് ഒരു മണ്ഡപം നിര്‍മിച്ചു നല്കി. ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളില്‍ ബുദ്ധപ്രതിമ വൃത്തിയാക്കി മാലചാര്‍ത്തി നാട്ടുകാര്‍ വിളക്കു തെളിച്ച് പരിപാലിക്കുന്നുണ്ടിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: