തമിഴിൽ മാത്രമല്ല മലയാളത്തിലും സിനിമ വിജയിച്ചാൽ കാർ സമ്മാനമായി ലഭിക്കും.
മലയാള സിനിമാ മേഖലയിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. മിഥുൻ മാനുവൽ തിരക്കഥ എഴുതി അരുൺ വർമ്മ സംവിധാനം ചെയ്ത ഗരുഡൻ ഗംഭീര വിജയമായതോടെ സംവിധായകന് ലാഭവിഹിതത്തിൽ നിന്നും വിലപിടിപ്പുള്ള സമ്മാനം നൽകി ലിസ്റ്റിൻ മലയാളത്തിൽ പുതിയ ഒരു പ്രതീക്ഷക്കാണ് തുടക്കമിട്ടിരിക്കുന്നത്. തീർച്ചയായും ഇത്തരം പ്രോത്സാഹനങ്ങൾ കൂടുതൽ നല്ല സിനിമകൾക്കുള്ള പ്രചോദനം തന്നെയായിരിക്കും. ഒരു സിനിമ ഏറ്റെടുത്ത് അത് അവസാനിക്കുന്നത് വരെ അല്ല, ആ സിനിമാ കാലാകാലം നിലനിൽക്കുന്നിടത്തോളം തന്നെ അത് സമ്മാനിച്ചവരെയും, ഇത് പോലുള്ള സമ്മാനങ്ങളിലൂടെ മറക്കാതെ ചേർത്ത് പിടിക്കുന്നത് ഒരു വലിയ അംഗീകാരം തന്നെയാണ്.
മലയാള സിനിമയിൽ ഒരു പുതു ചരിത്രം കുറിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഗരുഡൻ സിനിമയുടെ വൻ വിജയത്തിന്റെ ഭാഗമായി സംവിധായകൻ അരുൺ വർമ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെൽട്ടോസ് സമ്മാനമായി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമകൾ വൻ വിജയം ആകുമ്പോൾ നിർമ്മാതാക്കൾ സംവിധായകർക്കും നായകന്മാർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് നമ്മൾ തമിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷകളിൽ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്.
നവംബർ 3 ന് ആണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടുന്നതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറുകയാണ്. അഞ്ചാംപാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്ന ത്രില്ലർ ചിത്രം എന്തായാലും വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: