കൊച്ചി: ശബരിമലയില്‍ മണ്ഡല മകരവിളക്കു സീസണില്‍ നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നിര്‍ബന്ധമായും കണ്ടക്ടര്മാരുണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ സീസണില്‍ കണ്ടക്ടര്മാരില്ലാതെയാണ് ഷട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതു ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ പമ്പയിലും സന്നിധാനത്തും ഒരുക്കങ്ങള്‍ ധൃതഗതിയില്‍. പമ്പാ മണപ്പുറത്ത് ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ടുവരെ 15 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള മൂന്ന് നടപ്പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ചാലക്കയം മുതല്‍ പമ്പ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. റോഡിന്റെ വശങ്ങളിലെ കാട് തെളിക്കുന്ന ജോലികളും പുരോഗമിക്കുന്നു. പമ്പ ഗണപതി കോവിലിന് സമീപം വെര്‍ച്വല്‍ പരിശോധിക്കുന്നതിനുള്ള ഷെഡിന്റെ പണ പൂര്‍ത്തിയായി. ശരണ പാതയിലെ ഓക്സിജന്‍ പാര്‍ലറുകളും പൂര്‍ത്തിയായി. പരമ്പരാഗത പാതയില്‍ ആറും സ്വാമി അയ്യപ്പന് റോഡില്‍ രണ്ടും ഓക്സിജന്‍ പാര്‍ലറുകളാണ് ഉള്ളത്. സന്നിധാനത്ത് കുടിവെള്ളം എത്തിക്കാന്‍ 300 ടാപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.
പാണ്ടിത്താവളത്തിലും ശരംകുത്തിയിലുമായി ഉള്ള ജല സംഭരണികള്‍ വൃത്തിയാക്കി വെള്ളം ശേഖരിച്ചു. ഡോണര്‍ ഹൗസുകളുടെയും ഗസ്റ്റ് ഹൗസുകളുടെ അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലാണ്. ബേസ് ക്യാമ്പായ നിലയ്ക്കലിലും ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. പുതുതായി പണിത ക്ലോക്ക് റൂമിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ മെറ്റല്‍ വിരിച്ച് ഉറപ്പിക്കുന്ന ജോലികളും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: