തിരുവനന്തപുരം: കരമന തമലത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. ദീപാവലിക്ക് വേണ്ടി ഒരുക്കിയ പടക്കങ്ങൾക്കാണ് തീപിടിച്ചത്. സംഭവത്തിൽ മൂന്ന് കടകൾ കത്തി നശിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു. ചന്ദ്രിക സ്റ്റോർ എന്ന കടയ്ക്കാണ് തീപിടിച്ചത്. കടയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തി നശിച്ചു.
പടക്ക കടയ്ക്ക് പുറമെ ഇതിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനി കടയുമാണ് കത്തി നശിച്ചത്. ഈ മൂന്ന് കടകളും തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ്. കടകളിൽ ശനിയാഴച ലഭിച്ചു ഒന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നു. ഇതും കത്തിപ്പോയതായി ഉടമ പറയുന്നു. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം രൂപയോളം വരും.
ദീപാവലിയുടെ തലേ ദിവസമായതിനാൽ കടയിൽ നല്ല തിരക്കുണ്ടായിരുന്നു. ഇവിടെ നിന്നും പടക്കം വാങ്ങിയവർ കടയ്ക്ക് കുറച്ച് അപ്പുറം നിന്ന് ഇവ പൊട്ടിക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒരു തീപ്പൊരി കടയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. ഈ സമയം രാധാകൃഷ്ണൻ നായർ ഉൾപ്പെടെ അഞ്ച് പേരാണ് കടയിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളായിരുന്നു. കടയുടെ പുറക് വശത്തും വാതിലുള്ളതിനാൽ തീ പടർന്നപ്പോൾ തന്നെ രക്ഷപ്പെടാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: