ആലപ്പുഴ: നെല്‍ കര്‍ഷകര്‍ക്ക് കുരുക്കായി പിആര്‍എസ് വായ്പ പദ്ധതി. പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി. വായ്പ തുക സര്‍ക്കാര്‍ ബാങ്കിനു മടക്കി നല്കുന്നതില് കാലതാമസം നേരിട്ടാല്‍ ഉത്തരവാദി കര്‍ഷകനാകുമെന്ന് മാത്രമല്ല പിന്നീട് വായ്പയും ലഭിക്കില്ല. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പിആര്‍എസ്(പാഡീ രസീത് സ്ലിപ്). ഇത് സര്‍ക്കാരുമായി ധാരണയുള്ള ബാങ്കുകളില്‍ നല്കുമ്പോള് പിആര്‍എസ് വായ്പ ലഭിക്കും. നെല്‍വിലയ്ക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്.
കര്ഷകന് നല്കുന്ന വായ്പാത്തുക ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പിന്നീട് നല്കുമ്പോള് വായ്പ ബാധ്യത
കര്‍ഷകനൊഴിയും. എന്നാല്‍ തുക നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍ കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിക്കുകയും പിന്നീട് വായ്പ കിട്ടാതാവുകയും ചെയ്യും. നേരത്തെ ഹൈക്കോടതിയില്‍ കര്‍ഷകര്‍ ഹര്‍ജി നല്കിയപ്പോള് സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്‍കുന്നത് വായ്പ അല്ലെന്നായിരുന്നു സപ്ലൈകോയുടെയും, സംസ്ഥാനസര്‍ക്കാരിന്റേയും നിലപാട്. ഇതിന്റെ പൊള്ളത്തരം കര്‍ഷകന്റെ ആത്മഹത്യയോടെ വെളിവായി. നെല്ലിന് നല്കുന്ന വില സംബന്ധിച്ച് സപ്ലൈകോ ഹൈക്കോടതിക്ക് നല്കിയ ഉറപ്പ് പാഴ്വാക്കായിരുന്നുവെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുകയാണ്.
സര്‍ക്കാരുമായുള്ള ധാരണ അനുസരിച്ച് വായ്പ എടുക്കുന്നത് സപ്ലൈകോ ആണെന്നും കര്‍ഷകര്‍ അല്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഇത് ബാധ്യതയാകില്ലെന്നും സപ്ലൈകോ ഹൈക്കോടതിക്ക് ഉറപ്പു നല്കി. കര്‍ഷകര്‍ക്ക് നല്കുന്ന പണം സപ്ലൈകോയുടെ വായ്പ ആയി കണക്കാക്കും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വായ്പ എടുക്കുന്നത് സപ്ലൈകോ ആണെങ്കില്‍ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കാതെ അവരെ ബാങ്കില്‍ അയയ്ക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചിരുന്നു. കര്‍ഷകര്‍ക്ക് ബാങ്ക് വഴി നല്കുന്ന പണം ക്രെഡിറ്റ് സ്കോറിനെ ബാധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സപ്ലൈകോയും സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ ഇതുവരെ പറഞ്ഞതൊക്കെയും പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.
പിആര്‍എസ് കുടിശികയുടെ പേരിലാണ് പ്രസാദിന് വായ്പ നിഷേധിച്ചത്. 2011ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നു. 2021ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. എന്നിട്ടും പ്രസാദിന് സിബില്‍ സ്കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പിആര്‍എസ് വായ്പ കുടിശികയായതാണ് സിബില്‍ സ്കോര്‍ കുറയാന്‍ കാരണമായതെന്ന് വ്യക്തമാകുന്നത്.
നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആര്‍എസ് വായ്പാ രീതിയില്‍ സര്‍ക്കാര്‍ പ്രസാദിന് നല്‍കിയിരുന്നു. എന്നാല്‍ തുക സര്‍ക്കാര്‍ ബാങ്കില്‍ തിരിച്ചടയ്ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകള്‍ കിട്ടാതെയായി. ഇതോടെ വന്‍ കടക്കെണിയിലേക്ക് വീഴുകയായിരുന്നു പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: